Asianet News MalayalamAsianet News Malayalam

സിഗ്നലില്‍ ജീപ്പ് നിര്‍ത്തിയപ്പോള്‍ പ്രതി രക്ഷപ്പെട്ടു; 24 മണിക്കൂറിനുള്ളില്‍ അകത്താക്കി പൊലീസ്

തൊണ്ടയാട് ജംഗ്ഷന് സമീപത്ത് ട്രാഫിക് സിഗ്നലിൽ ജീപ്പ് നിർത്തിയപ്പോൾ കൈവിലങ്ങുമായി ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ വെട്ടിച്ച് അജ്മൽ ഓടി രക്ഷപ്പെട്ടത്. കൊടുവള്ളി സ്റ്റേഷനിലെ ഡ്രൈവറും രണ്ട് പൊലീസുകാരുമായിരുന്നു പ്രതിയെ ജയിലിലേക്ക് കൊണ്ടുപോയത്. 

police arrested culprit who escaped from jeep
Author
Kozhikode, First Published Dec 8, 2019, 11:03 AM IST

കോഴിക്കോട്: പൊലീസിനെ വെട്ടിച്ച് പൊലീസ് ജീപ്പിൽ നിന്ന് മുങ്ങിയ പ്രതി 24 മണിക്കൂറിനുള്ളിൽ പിടിയില്‍. തെളിവെടുപ്പിന് കസ്റ്റഡിയിൽ വാങ്ങി ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ കൊടുവള്ളി പൊലീസിനെ വെട്ടിച്ച് കടന്ന മലപ്പുറം പെരിന്തൽമണ്ണ തിരൂർക്കാട് ഓടപറമ്പിൽ അജ്മലാ(25)ണ് പിടിയിലായത്.

കൊടുവള്ളി പൊലീസും പെരിന്തൽമണ്ണ പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ പെരിന്തൽമണ്ണയിൽ നിന്ന് ശനിയാഴ്ച വൈകിട്ടാണ് ഇയാൾ അറസ്റ്റിലായത്. കൊടുവള്ളിയിലെത്തിക്കുന്ന പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് കോഴിക്കോട് തൊണ്ടയാട് ജംഗ്ഷന് സമീപത്ത് ട്രാഫിക് സിഗ്നലിൽ ജീപ്പ് നിർത്തിയപ്പോൾ കൈവിലങ്ങുമായി ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ വെട്ടിച്ച് അജ്മൽ ഓടി രക്ഷപ്പെട്ടത്.

കൊടുവള്ളി സ്റ്റേഷനിലെ ഡ്രൈവറും രണ്ട് പൊലീസുകാരുമായിരുന്നു പ്രതിയെ ജയിലിലേക്ക് കൊണ്ടുപോയത്. കേസിലെ മറ്റൊരു പ്രതിയായ പുത്തനത്താണി ചുങ്കം ആലുങ്ങൽ ജുനൈദും (24) ജീപ്പിലുണ്ടായിരുന്നു. മൂന്നംഗ മോഷണസംഘം സഞ്ചരിച്ച ജീപ്പ് കൊടുവള്ളി പഴയ ആർടി ഓഫീസിടുത്ത് അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് അജ്മലും ജുനൈദും പൊലീസ് പിടിയിലായത്.

നവംബർ 29നായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന മലപ്പുറം സ്വദേശി റഹിം അന്ന് തന്നെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. മയക്കുമരുന്ന് ലഹരിയിലായിരുന്ന ഇവർ സഞ്ചരിച്ച ജീപ്പും കോഴിച്ചെനയിലെ കൊറിയർ സ്ഥാപനത്തിൽ നിന്ന് മോഷ്ടിച്ച പത്തോളം വില കൂടിയ മൊബൈൽ ഫോണുകളും മെഡിക്കൽ ഉപകരണങ്ങളും പൊലിസ് പിടിച്ചെടുത്തിരുന്നു.

Follow Us:
Download App:
  • android
  • ios