കോട്ടയത്തെ പെറ്റ് ഷോപ്പിൽ അർധരാത്രി കാറിലെത്തി, ഷട്ടർ കുത്തിതുറന്നു, പൊക്കിയതാകട്ടെ നായകളെയടക്കം! ഒടുവിൽ...
ഏറ്റുമാനൂർ കെ എസ് ആർ ടി സി ബസ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന പെറ്റ്സ് ഷോപ്പിന്റെ ഷട്ടർ കുത്തി തുറന്ന് അകത്ത് കയറിയാണ് മോഷണം നടത്തിയത്

കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ പെറ്റ് ഷോപ്പ് കുത്തിത്തുറന്ന് പണവും നായ്ക്കുട്ടികളെയും മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആലംകോട് സ്വദേശിഅയ്യൂബ് ഖാൻ എന്നയാളെയാണ് ഏറ്റുമാനൂർ പ`ലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഈ മാസം പതിമൂന്നാം തീയതി രാത്രിയോടുകൂടി ഏറ്റുമാനൂർ കെ എസ് ആർ ടി സി ബസ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന പെറ്റ്സ് ഷോപ്പിന്റെ ഷട്ടർ കുത്തി തുറന്ന് അകത്ത് കയറി മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും, അവിടെയുണ്ടായിരുന്ന നാലു നായ്ക്കുട്ടികളെയും മോഷ്ടിച്ചുകൊണ്ട് കാറില്‍ കടന്നുകളയുകയായിരുന്നു. അയൂബിനെതിരെ വെഞ്ഞാറമൂട്, അഞ്ചൽ, ഇടവണ്ണ, ആറ്റിങ്ങൽ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ വയനാട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പുൽപ്പള്ളിയിൽ ഒരാഴ്ചയ്ക്കിടെ മൂന്ന് തവണ മോഷണം നടന്നു എന്നതാണ്. കയ്യിൽ കിട്ടിയതെല്ലാം അടിച്ച് മാറ്റിയ കള്ളന്‍ സി സി ടി വിയിൽ കുടുങ്ങിയിട്ടും വീണ്ടും വീണ്ടുമെത്തിയെന്നാണ് വ്യക്തമാകുന്നത്. സ്റ്റേഷനറി കടയിൽ നിന്ന് സിഗരറ്റും മെഴുകുതിരിയും അലങ്കാര മത്സ്യങ്ങൾ അടക്കമാണ് മോഷണം പോയിട്ടുള്ളത്. പുല്‍പ്പള്ളി സീതാമൗണ്ട് സ്വദേശി മൂര്‍പ്പനാട്ട് ജോയിയുടെ ആനപ്പാറ റോഡിലെ കടയിലാണ് ഒരാഴ്ച്ചക്കിടെ മൂന്ന് തവണ മോഷണം നടന്നത്. പാന്‍റും ടീഷർട്ടും തൊപ്പിയും ബാഗുമിട്ട് എത്തിയ മോഷ്ടാവ് ആവശ്യമായ സാധനങ്ങൾ തിരഞ്ഞ് പിടിച്ചാണ് മോഷണം നടത്തുന്നതെന്ന് സി സി ടി വിയിൽ വ്യക്തമാണ്. മാസ്ക് ധരിക്കാതെ കൈ വച്ച് മുഖം പൊത്തിയാണ് മോഷ്ടാവ് സിസിടിവിയെ കബളിപ്പിക്കുന്നത്. സിസിടിവിയില്‍ കുടുങ്ങിയിട്ടും ഒരേ കടയില്‍ മൂന്ന് തവണ എത്തിയതോട് വ്യക്തി വിരോധം തീർക്കുകയാണോയെന്ന സംശയത്തിലാണ് കടയുടമയുള്ളത്. പതിനായിരക്കണക്കിന് രൂപയുടെ സാധനങ്ങളോടൊപ്പം കടയിൽ വളർത്തിയിരുന്നു മീനുകളെയും മോഷ്ടാവ് കൊണ്ടുപോയി.