തിരുവനന്തപുരം: ഓട്ടോറിക്ഷ മോഷ്ടിച്ച കേസില്‍ പ്രതിയായ യുവാവ് സ്‌റ്റേഷനില്‍ പേര് മാറ്റിപ്പറഞ്ഞ് ആള്‍മാറാട്ടം നടത്തി. സെപ്റ്റംബര്‍ 4ന് രാത്രി 8 മണിയോടെ കൊല്ലം,പള്ളിമണ്‍ പുലിയില മുസ്ലിം പള്ളിക്ക് സമീപം തെങ്ങുവിള വീട്ടില്‍ പ്രമോദിന്റെ ഓട്ടോറിക്ഷ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ പ്രതിയാണ് ആറ്റിങ്ങല്‍ പോലീസിനോട് കള്ള പേരും മേല്‍വിലാസവും പറഞ്ഞ് കബളിപ്പിച്ചത്. 

ഓട്ടോറിക്ഷ മോഷണ കേസില്‍ അറസ്റ്റിലായപ്പോള്‍ ഇയാള്‍ കൊല്ലം, മയ്യനാട്, വലിയവിള, ഷീബാ നിവാസില്‍ മനുവാണെന്നാണ് പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. എന്നാല്‍ ഇതേ പേരും മേല്‍വിലാസവുമുള്ള യുവാവ് ഈ വാര്‍ത്ത കാണാന്‍ ഇടയാവുകയും മാനസികമായി വിഷമത്തിലാകുകയും ചെയ്തു. നാട്ടുകാര്‍ വാര്‍ത്ത അറിഞ്ഞതോടെ യുവാവിന് പുറത്തിറങ്ങാന്‍ കഴിയാതെയായി. 

വിവരം അറിഞ്ഞ ആറ്റിങ്ങല്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് പ്രതി പൊലീസിനോട് വ്യാജ പേരും മേല്‍വിലാസവും പറഞ്ഞ് പൊലീസിനെ കബളിപ്പിച്ചതെന്ന് വ്യക്തമാകുന്നത്. മുന്‍പ് പ്രതിയെ അഞ്ചാംലുമ്മൂട് സ്റ്റേഷനില്‍ മറ്റൊരു കേസിന് അറസ്റ്റ് ചെയ്തപ്പോള്‍ കൊല്ലം, നെടുമ്പന വില്ലേജില്‍, പാലയ്ക്കല്‍, ഹരികുമാര്‍ ഭവനില്‍ മുരളീധരന്റെ മകന്‍ ശ്രീകുമാര്‍ എന്നാണ് പേരും മേല്‍വിലാസം നല്‍കിയിരുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ ആള്‍മാറാട്ടം ഉള്‍പ്പടെയുള്ള കേസ് എടുത്തു.