ഇടുക്കി: മൂന്നാറിലെ പൊലീസ് കാന്‍റീനില്‍ എത്തിയാല്‍ മിതമായ നിരക്കില്‍ നല്ല ഭക്ഷണം കഴിക്കാം.  മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും മിതമായ നിരക്കില്‍ മായം കലരാത്ത ഭക്ഷണം ഒരുക്കുകയാണ് ജനമൈത്രി പൊലീസ്.  മൂന്നാര്‍ ഡി വൈ എസ് പി സുനീഷ് ബാബു പൊലീസ് കാന്‍റീന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മൂന്നാര്‍ കെ ഡി എച്ച് പി കബനിയുടെ ഔട്ട് ലെറ്റിന് സമീപത്തെ പോലീസ് കണ്‍ട്രോള്‍ റുമിനോട് ചേര്‍ന്നാണ് കാന്‍റീന്‍ . പോലീസ് ഉദ്യോഗസ്ഥര്‍ക്ക് 5 രൂപക്കും പൊതുജനങ്ങള്‍ക്ക് 8 രൂപക്കും ചായയും ചെറുകടികളും ലഭിക്കും. രാവിലെയും വൈകുന്നേരവും ഭക്ഷണങ്ങള്‍ പാര്‍സലാക്കി വിതരണം ചെയ്യാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്.

തൊടുപുഴയിലെയും അടിമാലിയിലെയും പൊലീസ് കാന്‍റീന്‍ ശ്രദ്ധനേടിയതോടെയാണ് മൂന്നാറിലും ആരംഭിച്ചതെന്ന് ഡി വൈ എസ് പി സുനീഷ് ബാബു പറഞ്ഞു. ജനങ്ങളുടെ പങ്കാളിത്തം വര്‍ധിച്ചാല്‍ കാന്‍റീന്‍ വിപുലീകരിക്കാനാണ് പദ്ധതി.  ഓഫീസ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ ജി പ്രകാശ്, കേരള  പൊലീസ് അസോസിയേഷന്‍ പ്രസിഡന്‍റ് മനോജ് കുമാര്‍, സി ഐ സാജന്‍ സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.