ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കാട്ടാക്കടയിൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടര കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. രഹസ്യവിവരത്തെ തുടർന്ന് മാരുതി ആൾട്ടോ കാറിനെ പിന്തുടർന്നാണ് നെല്ലിമൂട് സ്വദേശികളായ അനന്തു, കിരൺ എന്നിവരെ പിടികൂടിയത്.

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ,​രണ്ടര കിലോയോളം കഞ്ചാവുമായി രണ്ടുപേരെ കാട്ടാക്കട പൊലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം പൂവച്ചൽ ഭാഗത്തുനിന്ന് മാരുതി ആൾട്ടോ കാറിൽ കഞ്ചാവുമായി എത്തിയ സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാട്ടാക്കട ചന്തയ്ക്ക് സമീപം വച്ചാണ് വാഹനത്തെ പിന്തുടർന്ന് തടഞ്ഞ് നിറുത്തി പരിശോധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിമൂട് സ്വദേശിയായ അനന്തു, കിരൺ എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്ത് കഞ്ചാവ് വിൽപന സജീവമാണെന്ന് ലഭിച്ച വിവരത്തിലായിരുന്നു പരിശോധന.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാട്ടാക്കടയ്ക്ക് സമീപമുള്ള ഒരു കേന്ദ്രത്തിൽ നിന്നാണ് ഇവർക്ക് കഞ്ചാവ് കൈമാറിയതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.ഇതിന്റെ അടിസ്ഥാനത്തിൽ കഞ്ചാവ് വിതരണ ശൃംഖലയെക്കുറിച്ചും പിന്നിൽ പ്രവർത്തിക്കുന്ന സംഘങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.

നാർക്കോട്ടിക് ഡിവൈ.എസ്പി അനിലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കാട്ടാക്കട പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കാട്ടാക്കട സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.