കോടംതുരുത്ത്‌ പഞ്ചായത്ത്‌ രണ്ടാം വാര്‍ഡില്‍ കൊടിയനാട്ട്‌ വീട്ടില്‍ ക്ലീറ്റസിന്റെ മക്കളായ ഗോഡ്‌സണ്‍ (25), ഗോഡ്‌വിന്‍ (23) എന്നിവരെയാണ്‌ നാട് കടത്തിയത്

ആലപ്പുഴ: സാമൂഹികവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെയും ജനങ്ങളുടെ സ്വൈര്യജീവിതത്തിന്‌ തടസം സൃഷ്‌ടിക്കുന്നു എന്നതില്‍ നടപടികളുടെ ഭാഗമായി കുത്തിയതോട്‌ അരൂര്‍ പോലീസ്‌ സ്‌റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ജ്യേഷ്‌ഠനേയും അനുജനേയും കാപ്പ നിയമപ്രകാരം നാടുകടത്തി. 

കോടംതുരുത്ത്‌ പഞ്ചായത്ത്‌ രണ്ടാം വാര്‍ഡില്‍ കൊടിയനാട്ട്‌ വീട്ടില്‍ ക്ലീറ്റസിന്റെ മക്കളായ ഗോഡ്‌സണ്‍ (25), ഗോഡ്‌വിന്‍ (23) എന്നിവരെയാണ്‌ നിരന്തരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നതിനെത്തുടര്‍ന്ന്‌ ആലപ്പുഴ ജില്ലാ പോലീസ്‌ മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ആലപ്പുഴ ജില്ലാ പോലീസ്‌ മേധാവിയുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഒരു വര്‍ഷക്കാലയളവിലേക്ക്‌ പ്രവേശിക്കുന്നത്‌ തടഞ്ഞുകൊണ്ട്‌ എറണാകുളം റെയിഞ്ച്‌ ഡി.ഐ.ജി കാപ്പ നിയമം വകുപ്പ്‌ 15(1) പ്രകാരം സഞ്ചലന നിയന്ത്രണ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

ഇവര്‍ 2015 മുതല്‍ അരൂര്‍, കുത്തിയതോട്‌ എന്നീ പോലീസ്‌ സ്‌റ്റേഷനുകളുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ കൊലപാതകശ്രമം, ഭവന ഭേദനം, കഠിന ദേഹോപദ്രവം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്‌തിട്ടുള്ളവരാണ്‌. ജില്ലയില്‍ ആദ്യമായിട്ടാണ്‌ ഒരുകുടുംബത്തിലെ ജ്യേഷ്‌ഠനേയും അനുജനേയും ഒരുമിച്ച്‌ കാപ്പ പ്രകാരം നാടുകടത്തുന്നത്‌.