തിരുവനന്തപുരം: കോവളം മുക്കോല ബൈപാസിൽ ഭീതി പടര്‍ത്തി 'ഫ്രീക്കന്‍'മാരുടെ ബൈക്ക് സ്റ്റണ്ട്. അമിത വേഗത്തിൽ ഓടിച്ചു വരുന്ന ബൈക്കിനെ തലകീഴായും ഒറ്റ വീലിൽ ഉയർത്തി നിർത്തിയും മരണ വേഗത്തിൽ വട്ടംചുറ്റി  എസ് അടിച്ചും, ഓടിക്കുമ്പോൾ സ്റ്റാന്റ് റോഡിൽ മുട്ടിച്ച് തീ തെറിപ്പിച്ചുമാണ് അഭ്യാസപ്രകടനങ്ങള്‍. നിരവധി തവണ പരാതി നല്‍കിയിട്ടും നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

ഹെൽമെറ്റ് വേട്ടനടത്തിയും  മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടി പിഴയടപ്പിക്കുന്ന പൊലീസ് റോഡിലെ ബൈക്ക് സ്റ്റണ്ട് സംബന്ധിച്ച് നടപടി സ്വീകരിക്കാത്തത് മേഖലയില്‍ സാമൂഹ്യവിരുദ്ധര്‍ വര്‍ധിക്കുന്നതിന് കാരണമാകുകയാണ്. കുറ്റകൃത്യങ്ങൾ നടക്കാനുള്ള സാധ്യതയും സാമൂഹ്യവിരുദ്ധർ താവളമാക്കുന്നതും മുൻകൂട്ടി കണ്ട് പോലീസിന് വിവരം നൽകേണ്ട സ്പെഷ്യൽ ബ്രാഞ്ചും ഇതൊന്നുമറിയാത്തത് വലിയ സുരക്ഷാ വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

വിഴിഞ്ഞം, കോവളം പോലീസ് സ്റ്റേഷനുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിലാണ് പൊലീസിൻറെ നിഷ്ക്രിയത്വം കാരണം സാമൂഹ്യവിരുദ്ധർ പിടിമുറുക്കുന്നത്. ജനങ്ങളുടെ പരാതി ലഭിച്ചാൽ പോലും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. പണി പൂർത്തിയായെങ്കിലും പൊതുജനത്തിന് തുറന്ന് കൊടുക്കാത്ത കോവളം മുതൽ തലക്കോട് വരെ നീളുന്ന നാലുവരിപ്പാത ബൈക്ക് അഭ്യാസികളുടെയും  കാർ റേസിംഗ് സംഘത്തിൻറെയും പിടിയിലാണ്. അഭ്യാസത്തിനും  പരിശീലനത്തിനും  പ്രത്യേക ടീമുകളായി പാറശാലയടക്കമുള്ള സ്ഥലങ്ങളിൽ  നിന്ന് പോലും യുവാക്കൾ എത്തിത്തുടങ്ങിയതോടെ പൊതു ജനവും പൊറുതിമുട്ടി.

അഭ്യാസത്തിനിടയിൽ നിയന്ത്രണംതെറ്റിയാൽ സമീപത്തെ വീടുകളുടെ പുറത്തു വീണ് അപകടം വരുത്തുമെന്ന ഭീതിയിലാണ് നാട്ടുകാർ. ഒരു വർഷം മുൻപ് സർവ്വീസ് റോഡുൾപ്പെടെയുള്ള ആറുവരിപ്പാത ഗതാഗതത്തിനായി അധികൃതർ തുറന്നു നൽകി.എന്നാൽ അശാസ്ത്രീയമായ നിർമ്മാണവും ട്രാഫിക് പരിഷ്കരണവും വരുത്തി വച്ച അപകടത്തിൽ ഒരു കുരുന്ന് ജീവൻ പൊലിഞ്ഞിരുന്നു. ജനരോഷം ശക്തമായതോടെ കരിങ്കൽ ചല്ലിയിറക്കിയ അധികൃതർ നാല് വരിപ്പാതയിലെ ഗതാഗതം തടഞ്ഞു.

എന്നാൽ മെറ്റൽ കൂനകൾ മാറ്റി ബൈക്കുകളും കാറുകളും ഉള്ളിൽ കയറ്റിയ സാമൂഹ്യ വിരുദ്ധർ റോഡ് കൈയേറി.ഇതോടെ സ്വസ്തമായ അന്തരീക്ഷത്തിൽ വൈകുന്നേരങ്ങളിൽ നടത്തത്തിനിറങ്ങിയിരുന്ന നാട്ടുകാരും പേടിച്ച് വഴിമാറി. നിലവിൽ നേരമിരുട്ടിയാൽ ഈ  മേഖല മയക്കുമരുന്ന് വില്പനക്കാരുടെയും സാമൂഹ്യ വിരുദ്ധരുടെയും പിടിയിലാണ്. അഭ്യാസികളും സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടുമ്പോഴും പോലീസിന് ഇതൊന്നും അറിഞ്ഞഭാവം പോലുമില്ലെന്നും പേരിന് പോലും പട്രോളിംഗ് നടത്താനോ ഒന്ന് തിരിഞ്ഞ് നോക്കാനാ തയാറാകുന്നില്ലന്നുമാണ് പ്രദേശവാസികൾ പറയുന്നത്.