മാല ബാഗിൽ നിന്ന് വീണുപോകുന്ന സിസിടിവി ദൃശ്യങ്ങൾ വൈറലായിട്ടും ഉടമ അറിഞ്ഞിരുന്നില്ല. ഒടുവിലും പൊലീസും മാധ്യമപ്രവർത്തകനും നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ വീണു കിട്ടിയ താലിമാലയുടെ ഉടമയെ ഒടുവിൽ പൊലീസ് കണ്ടെത്തി. ഏറെ ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഉടമയെ തിരിച്ചറിഞ്ഞ് മാല തിരിച്ചേൽപ്പിച്ചത്. മാല ബാഗിൽ നിന്ന് വീണുപോകുന്ന സിസിടിവി ദൃശ്യങ്ങൾ വൈറലായിട്ടും ഉടമ അറിഞ്ഞിരുന്നില്ല. ഒടുവിലും പൊലീസും മാധ്യമപ്രവർത്തകനും നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു. ചെറുവച്ചേരി സ്വദേശിനി അശ്വതിക്കാണ് മാല തിരികെ നൽകിയത്. സഹോദരി നൽകിയ മാല അമ്മ യുവതിയുടെ ബാഗിൽ സൂക്ഷിച്ചത് യുവതി അറിഞ്ഞിരുന്നില്ല. മാല നഷ്ടപ്പെട്ടത് വീട്ടുകാർ അറിയാത്തതിനെ തുടർന്നാണ് ഉടമയെ കണ്ടുകിട്ടാൻ വൈകിയത്.
ഏപ്രിൽ 12നാണ് നാലര പവന്റെ താലിയോട് കൂടിയ മാല പെരുമ്പയിലെ കെഎസ്ആർടിസിക്ക് സമീപത്തുള്ള സ്റ്റേഷനറി കടയ്ക്ക് മുന്നിൽ ലഭിക്കുന്നത്. കടയുടമ കെ വി അനിൽകുമാറിനാണ് മാല ലഭിച്ചത്. മാലയുടെ ഉടമയെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് സ്റ്റേഷനറി കടയിൽ നിന്ന് ബലൂണും മറ്റും വാങ്ങി പുറത്തിറങ്ങിയ കുടുംബം യമഹ സ്കൂട്ടിയിൽ കയറുന്നതിനിടയിൽ വീണുപോയതാണെന്ന് വ്യക്തമായി.
ഇതോടെ സോഷ്യൽ മീഡിയയിലെല്ലാം മാല ലഭിച്ചതായി അറിയിച്ചുകൊണ്ടുള്ള സന്ദേശം ജനങ്ങളിലെത്തിച്ചെങ്കിലും അപ്പോഴും ഉടമയെത്തില്ല. ഇതോടെ മാല ലഭിച്ചവർ ഇത് പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഏപ്രിൽ 20 വരെ കാത്തതിന് ശേഷമാണ് മാല സ്റ്റേഷനിൽ ഏൽപ്പിച്ചത്.
മാധ്യമ പ്രവർത്തകൻ ഗണേശ് പയ്യന്നൂർ സിസിടിവി ദൃശ്യം പരിശോധിച്ച് ഉടമ ബലൂൺ ഡക്കറേഷൻ മേഖലയിലുള്ള ആളാണെന്ന് കണ്ടെത്തി. ആ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ടാണ് കടന്നപ്പള്ളിയിലെ ചെറുവച്ചേരി സ്വദേശിയെ കണ്ടെത്തിയത്. പൊലീസ് വിളിച്ചപ്പോഴാണ് കടയുടെ മുന്നിൽ നിന്ന് കൈക്കുഞ്ഞുമായുള്ള സഹോദരിക്ക് സ്കൂട്ടറിൽ നിന്ന് ബാഗ് എടുത്തു കൊടുക്കുമ്പോൾ മാല വീണു പോയതറിയുന്നത്. കടയുടമ അനിൽകുമാറിന്റെ സത്യസന്ധത കൊണ്ട് മാത്രമാണ് മാല യുവതിക്ക് തിരിച്ചുകിട്ടിയത്.
