Asianet News MalayalamAsianet News Malayalam

ഡമ്മി എകെ 47, മെഷീന്‍ ഗണ്‍; കൊള്ളസംഘത്തലവന്‍റെ ആയുധശേഖരം കണ്ട് ഞെട്ടി പൊലീസ്

വാഹനത്തിൽ എകെ 47, മെഷീൻ ഗൺ, കൈത്തോക്കുകൾ, വടിവാൾ, മറ്റ് വിവിധ തരത്തിലുള്ള ആയുധങ്ങൾ എന്നിവ പിടിച്ചെടുത്തു. തുടർന്ന് പൊലീസ് ഇയാളുടെ വീട്ടിൽ നടത്തിയ തെരച്ചിലിലും സമാന ആയുധങ്ങൾ കണ്ടെത്തി

police get crucial information of murder accuse estate mani
Author
Idukki, First Published May 12, 2019, 2:45 PM IST

ഇടുക്കി: തമിഴ്നാട്ടിൽ പിടിയിലായ കൊള്ളസംഘത്തിലെ മുഖ്യ സൂത്രധാരൻ കേരളത്തിലെ ഇരട്ട കൊലപാതക കേസിലെ പ്രധാന പ്രതിയായ മൂന്നാർ സ്വദേശി എസ്റ്റേറ്റ് മണിയെന്ന് പൊലീസ്. വെള്ളിയാഴ്ച വൈകിട്ടാണ് ബോഡി -തേനി റോഡിൽ വച്ച് കൊള്ളസംഘത്തിലെ തലവനായ തമിഴക മക്കൾ മുന്നേറ്റ കഴകം മുൻ ജില്ലാ നേതാവുമായ ബോഡി പൊട്ടൽക്കളം സ്വദേശി കൗർ മോഹൻദാസ്(46) നെ പൊലീസ് പിടികൂടിയിരുന്നു.

ഇയാളില്‍ നിന്നാണ് എസ്റ്റേറ്റ് മണിയേക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. മീനവലക്ക് ഇൻസ്പെക്ടർ ധർമ്മരാജ്, എസ്ഐ സെൽവരാജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടയിലാണ് ആഡംബര വാഹനത്തിലെത്തിയ മോഹൻദാസിനെ പിടികൂടിയത്.

വാഹനത്തിൽ എകെ 47, മെഷീൻ ഗൺ, കൈത്തോക്കുകൾ, വടിവാൾ, മറ്റ് വിവിധ തരത്തിലുള്ള ആയുധങ്ങൾ എന്നിവ പിടിച്ചെടുത്തു. തുടർന്ന് പൊലീസ് ഇയാളുടെ വീട്ടിൽ നടത്തിയ തെരച്ചിലിലും സമാന ആയുധങ്ങൾ കണ്ടെത്തി. കൊള്ളസംഘത്തിലുണ്ടായിരുന്ന പത്തംഗ സംഘം പൊലീസ് മോഹൻദാസിന്റെ വീട്ടിലെത്തുന്നതറിഞ്ഞ് കടന്നു കളഞ്ഞു.

പൊലീസ് നടത്തിയ പരിശോധനയിൽ എകെ 47 ഉൾപ്പെടെയുള്ള തോക്കുകൾ ഡമ്മിയാണെന്ന് കണ്ടെത്തി. ഈ ആയുധങ്ങൾ ഉപയോഗിച്ച് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ കൊള്ള നടത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പിടിയിലായ മോഹൻദാസ് പൊലീസിനോട് പറഞ്ഞു.

സംഘത്തിന്റെ മുഖ്യ സൂത്രധാരനായ മൂന്നാർ എല്ലപ്പെട്ടി കെകെ ഡിവിഷനിൽ മണി (48, എസ്റ്റേറ്റ് മണി)യാണ് കൊള്ളയടിക്കേണ്ട സ്ഥലങ്ങൾ സംബന്ധിച്ച് പദ്ധതി തയ്യാറാക്കിയത്. ഒരു വർഷം മുൻപാണ് എസ്റ്റേറ്റ് മണി, എല്ലപ്പെട്ടി സ്വദേശികളായ ശരവണൻ (20), ജോൺ പീറ്റർ (19) എന്നിവരെ ബോഡിമെട്ടിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ഓട്ടോ ഡ്രെെവർമാരായ യുവാക്കളെ തമിഴ്നാട്ടിലേക്ക് ഓട്ടം പോകാനെന്ന പേരിൽ കൂട്ടികൊണ്ടു പോയി ഇയാൾ നടുറോഡിലിട് വെട്ടി കൊന്നത്. ഈ കേസിൽ ഇയാൾ പൊലീസ് പിടിയിലായിരുന്നു. തമിഴ്നാട്ടിൽ നിരവധി കേസുകളിൽ പ്രതിയാണ് മണി. ആയുധങ്ങൾ പിടിച്ചെടുത്ത സംഭവത്തിൽ പ്രധാന പ്രതിയായ മണിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി മീനവലക്ക് ഇൻസ്പെക്ടർ ധർമ്മരാജ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios