കോഴിക്കോട്: പടനിലത്ത് പോത്ത് മോഷണം നടത്തിയ ആൾ  പിടിയിൽ. നരിക്കുനി ചെമ്പക്കുന്ന് സ്വദേശിയായ ജാബിറിനെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ഇയാൾ താമരശ്ശേരി കെടവൂർ ജുമാ മസ്ജിദിനു മുൻപിൽ ഇറച്ചിക്കട നടത്തി വരികയാണ്. 

കഴിഞ്ഞ ദിവസം ഇറച്ചി കച്ചവടക്കാരനായ പടനിലം സ്വദേശി അഷ്റഫ് വളർത്തുന്ന പോത്തുകളിൽ മൂന്നെണ്ണത്തെ കാണാതായതിനെ തുടർന്ന് കുന്ദമംഗലം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു പോത്തിനെ നരിക്കുനിയിൽ നിന്നും കണ്ടെത്തി. തുടർന്ന് പരിസര പ്രദേശത്തുള്ള  സിസിടിവി പൊലീസ് പരിശോധന നടത്തുകയും ഇയാളെ  പിടികൂടുകയുമായിരുന്നു.  

കൂടുതൽ ചോദ്യം ചെയ്യലിൽ മൂന്ന് പോത്തിനേയും മോഷ്ടിച്ചത് താനാണെന്ന് ഇയാൾ കുറ്റസമ്മതം നടത്തി. രണ്ടു പോത്തുകളെ സ്വന്തം കടയിൽ അറുത്ത് വില്പന നടത്തി. ഒരു പോത്തിനെ പടനിലത്തെ ഉടമയ്ക്ക് പൊലീസ് വിട്ടു നൽകി. സമാന രീതിയിൽ താമരശ്ശേരി പ്രദേശങ്ങളിലും ഇത്തരത്തിലുള്ള മോഷണം നടന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. 

കുന്ദമംഗലം പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജയൻ ഡൊമനിക്കിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീജിത്ത്, മുഹമ്മദലി, എ.എസ്.ഐ അബദുറഹിമാൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിജീഷ്, സി.പി.ഒ മുനീർ, വീജേഷ്, ദീപക്, ഷാജിദ്  എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.