ഹരിപ്പാട് : ചേപ്പാട് സേക്രട്ട് ഹേർട്ട് മലങ്കര കത്തോലിക്ക പള്ളിയിൽ മോഷണം നടത്തിയ പ്രതികളെ കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം നടത്തിയ കാർത്തികപ്പള്ളി ഷംലാമൻസിലിൽ ഷംനാദ് (34), വണ്ടാനം അമ്പലപ്പുഴ വടക്ക് പരിയാരത്ത് വീട്ടിൽ അശോകൻ (40) എന്നിവരെയും ഇവരെ സഹായിച്ച തിരുവനന്തപുരം ചിറയിൻകീഴ് കടക്കാവൂർ അഞ്ചുതെങ്ങ് വാടിക്കകം തൊണ്ടുപുരയിടത്തിൽ സുരേഷ് കുമാറിന്‍റെ ഭാര്യ ഷാലറ്റ് (അശ്വതി–35) എന്നിവരെയുമാണ് പിടികൂടിയത്.

കഴിഞ്ഞ നവംബർ 5നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിയിലെ അച്ഛൻ സ്ഥലത്ത് ഇല്ലാതിരുന്ന ദിവസം ആണ് മോഷണം നടത്തിയത്. പള്ളിയുടെ ഓഫീസിലും, അച്ഛന്‍റെ കിടപ്പ് മുറിയിൽ നിന്നുമായി മൂന്നുലക്ഷം രൂപയുടെ മോഷണം ആണ് ഇവർ നടത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷംനാദിനെ കരീലകുളങ്ങര നിന്നും, അശോകനെ വണ്ടാനത്തുനിന്നും, ഷാലറ്റിനെ തിരുവനന്തപുരത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്.