കൽപ്പറ്റ: വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിക്കപ്പെട്ടിട്ടും പുറത്തിറങ്ങി വിലസുന്നവർക്കെതിരെ വയനാട്ടിൽ നടപടി കടുപ്പിച്ച് തുടങ്ങി. ഹോം ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങി നടന്നയാളുടെ പാസ്പോർട്ട് വെള്ളമുണ്ട പൊലീസ് പിടിച്ചെടുത്തു. തരുവണ പരിയാരം മുക്ക് നിസാമുദ്ദീന്‍ മണിമ എന്നയാളുടെ പാസ്‌പോര്‍ട്ടാണ് പൊലീസ് പിടിച്ചെടുത്തത്.

വിദേശത്തു നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പൊലീസിന്റേയും, ആരോഗ്യ വകുപ്പിന്റെയും കര്‍ശന നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഇത് ലംഘിച്ച് പുറത്തിറങ്ങിയപ്പോഴായിരുന്നു നടപടി. ജനങ്ങളില്‍ പരിഭ്രാന്തി ഉണ്ടാക്കുന്ന വിധത്തില്‍ പൊതു സ്ഥലങ്ങളില്‍ ഇറങ്ങി നടക്കുകയും, ജനങ്ങളുമായി ഇടപെടുകയും ചെയ്യുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അധികൃതർ ഇയാളെ നിരീക്ഷിച്ച് പിടികൂടുകയായിരുന്നു.

അതിനിടെ വയനാട്ടിൽ ഇന്ന് 59 ആളുകള്‍ കൂടി നിരീക്ഷണത്തില്‍ ആയി. ഇതോടെ ജില്ലയിലാകെ 1515 ആളുകള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തിലായ മൂന്ന് പേരുള്‍പ്പെടെയാണിത്. ഇതുവരെ ജില്ലയില്‍ നിന്നും പരിശോധനയ്ക്കായി അയച്ച 43 സാമ്പിളുകളില്‍ 30 ഫലങ്ങള്‍ നെഗറ്റീവ് ആണ്. ഇന്ന് (മാര്‍ച്ച് 24) അയച്ച 10 സാമ്പിളുകള്‍ ഉള്‍പ്പെടെ 13 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.

ജില്ലയിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും പത്ത് അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകളിലും നാല് അന്തര്‍ജില്ലാ ചെക്ക് പോസ്റ്റുകളിലുമായി പരിശോധിക്കുന്നുണ്ട്. ചൊവ്വാഴ്ച ജില്ലയില്‍ 14 ചെക്ക്‌പോസ്റ്റുകളില്‍ 685 വാഹനങ്ങളിലായി എത്തിയ 1096 യാത്രക്കാരെ സ്‌ക്രീനിങ്ങിന് വിധേയമാക്കി. എന്നാൽ, ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.