എട്ട് വർഷം മുന്‍പ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ പ്രതിയെ തേടി മൂന്നാർ പൊലീസ് തമിഴ്നാട്ടിലേക്ക്.
ഇടുക്കി: എട്ട് വർഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ പ്രതിയെ തേടി മൂന്നാർ പൊലീസ് തമിഴ്നാട്ടിലേക്ക്. കല്ലാർ പുതുക്കാട് ഡിവിഷനിൽ താമസം ജഗൻ നാഥൻ [34] നെ തേടിയാണ് മൂന്നാർ സി.ഐ സാം ജോസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തമിഴ്നാട്ടിൽ പോകുന്നത്. എട്ട് വർഷം മുമ്പാണ് കുടുംബവഴക്കിനെ തുടർന്ന് ജഗൻ നാഥൻ ഭാര്യ ഗീത [28]യെ ടി വിയുടെ കേബിൾ ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം വായിൽ അരി നിക്ഷേപിച്ച് തമിഴ്നാട്ടിലേക്ക് കടന്നത്.
2011 മാർച്ച് 19ന് കൊലപാതകം നടന്നിട്ട് പ്രതിയെ പിടികൂടാൻ പൊലീസിന് കഴിയാത്തത് നിരവധി ആരോപണങ്ങൾക്ക് ഇടയാക്കി. ഇയാളെ കണ്ടെത്താൻ കഴിഞ്ഞ ദിവസം ലൂകൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതേ തുടർന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് മൂന്നംഗ സംഘം തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കുന്നത്. പ്രതിയെ കണ്ടെത്താൻ തമിഴ്നാട് പൊലീസുമായി സംഘം ആശയവിനിമയം നടത്തി. പ്രതിയുടെ നാട് തിരുനൽവേലിക്കടുത്ത മലയടി കുരുശിയാണ്. ഇവിടങ്ങളിൽ താമസിക്കുന്ന ബന്ധുക്കളുടെ സഹായം പ്രതിക്ക് ലഭിച്ചിരിക്കാമെന്ന് സംഘം കരുതുന്നു.
