ഇടുക്കി: കണ്ണംപടിയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാതായി ഒരുമാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. കണ്ണംപടി ട്രൈബൽ സ്കൂളിലെ വിദ്യാർഥിയായ പ്രവീതിനെയാണ് കാണാതായത്. സംഭവത്തിൽ പ്രവീതിന്റെ അച്ഛൻ പ്രകാശന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജൂൺ 26 മുതലാണ് പ്രവീതിനെ കാണാതാകുന്നത്. മൂന്ന് ദിവസമായി പ്രവീത് സ്കൂളിൽ വരാതിരുന്നതോടെ ക്ലാസ് ടീച്ചർ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കാണാനില്ലെന്ന വിവരം അറിയുന്നത്. കാണാതാവുന്നതിന്റെ തലേന്ന് അച്ഛൻ പ്രകാശൻ പ്രവീതിനെ മർദ്ദിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കുട്ടിയെ പ്രകാശൻ നിരന്തരം മർദ്ദിക്കാറുണ്ടെന്നും സ്കൂൾ അധികൃതരും ബന്ധുക്കളും പറഞ്ഞു.

നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് പ്രകാശൻ പൊലീസിൽ പരാതി നൽകാൻ പോലും തയ്യാറായതെന്ന് ബന്ധു രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ, പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തന്നെ ക്രൂശിക്കാനാണ് ശ്രമമെന്നുമാണ് പ്രകാശന്റെ പ്രതികരണം. അതേസമയം, സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും പ്രകാശന്റെ അടക്കം പങ്ക് പരിശോധിക്കുകയാണെന്നും ഇടുക്കി എസ്പി വ്യക്തമാക്കി.