കന്യാകുമാരി: സിവില്‍ പൊലീസ് ഓഫീസറെ കടല്‍ തീരത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കന്യാകുമാരി കടൽ തീരത്താണ് പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ സിവിൽ പൊലീസ് ഓഫിസഫറെയാണ് കന്യാകുമാരി  കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന യുവതി ഹോട്ടൽ മുറിയിൽ വിഷം ഉള്ളിൽച്ചെന്ന നിലയിൽ അബോധാവസ്ഥയിലായിരുന്നു. തൃശൂർ പൊലീസ് അക്കാദമിയിലെ ഡ്രൈവർ കൊല്ലം പേരൂർ തട്ടാർകോണം പരുതിപ്പള്ളി വീട്ടിൽ ബോസ് (37) ആണു മരിച്ചത്.  

കൊല്ലം കിളികൊല്ലൂർ സ്വദേശിനിയും ബോസിന്റെ സഹപാഠിയുമായ യുവതിയാണ് അബോധാവസ്ഥയിൽ കന്യാകുമാരി ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ  ചികിത്സയിലുള്ളത്. പുലർച്ചെ അഞ്ചരയോടെ മത്സ്യബന്ധനത്തിന് പോയവരാണ് മൃതദേഹം കാണുന്നത്.  പോക്കറ്റിൽ നിന്നു  മൊബൈൽഫോണും, തിരിച്ചറിയൽ കാർഡും ലഭിച്ചു. ഫോണിലെ നമ്പരിലൂടെയാണ് കന്യാകുമാരിയിലെ ഹോട്ടലിൽ മുറിയെടുത്തതായി അറിഞ്ഞത്. 

ലോഡ്ജിലെത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയെ കണ്ടെത്തുന്നതും. ആറാം തീയതിയാണ് ഇവർ കന്യാകുമാരിയിലെത്തി മുറിയെടുത്തത്. ബോസും വിഷം കഴിച്ചിരുന്നതായി  പൊലീസ് പറഞ്ഞു. ഒരു മാസത്തോളമായി ഇരുവരെയും കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ബോസ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. യുവതി വിവാഹമോചിതയാണ്.