വിളപ്പില്‍ശാല: തിരുവനന്തപുരം വിളപ്പിൽശാല പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാധാകൃഷണൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന് പിന്നാലെ മേല്‍ ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി ബന്ധുകൾ. രാധാകൃഷ്ണനെ ഇൻസ്പെക്ടർ സജിമോൻ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് രാധാകൃഷണൻ ആത്മഹത്യക്ക് ശ്രമിച്ചത്. 

വിളപ്പില്‍ശാല പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിൽ തൂങ്ങി മരിക്കാൻ ശ്രമം നടത്തിയ രാധാകൃഷ്ണനെ സഹപ്രവർത്തകരായ പൊലീസുകാരാണ് ആശുപത്രിയിലെത്തിച്ചത്. രാധാകൃഷ്ണന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതിനിടെയാണ് ആത്മഹത്യ ശ്രമത്തിൽ സ്റ്റേഷനിലെ ഇൻസ്പെക്ടർക്കെതിരെ രാധാകൃഷ്ണന്റെ ബന്ധുക്കൾ പരസ്യമായി രംഗത്തെത്തിയത്. കുറച്ച് മാസങ്ങൾക്ക് മുന്പാണ് ഗ്രേഡ് എസ്ഐ ആയി പ്രൊമോഷൻ കിട്ടിയ രാധാകൃഷ്ണൻ വിളപ്പിൻ ശാല സ്റ്റേഷനിലേക്ക് സ്ഥലം മാറിയെത്തിയത്. പുതിയ സ്റ്റേഷനിൽ ചാർജ് എടുത്ത നാൾ മുതൽ ഇയാൾ കടുത്ത മാനസികമായി വിഷമത്തിലായിരുന്നെന്നാണ് സഹോദരൻ വിനോദൻ പറയുന്നത്. 

മാനസിക സംഘർഷത്തിന്റെ കാരണക്കാരനായി ബന്ധുക്കൾ വിരൽ ചൂണ്ടുന്നത് സ്റ്റേഷൻ ഹൗസ് ഓഫീസർ സജിമോന്റെ നേരെയാണ് എന്നാൽ ബന്ധുക്കളുടെ ആരോപണങ്ങൾ പൂർണമായി നിഷേധിക്കുകയാണ് ഇൻസ്പെക്ടർ സജിമോൻ. രാധാകൃഷ്ണനെതിരെ ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും സജിമോൻ പറഞ്ഞു