ട്രാക്ടറിനേയും കംപ്യൂട്ടറിനേയും എക്സ്പ്രസ് വേയും  എതിര്‍ത്ത് നോക്കുകൂലിയെ കെട്ടിപ്പിടിച്ച് നടക്കുന്ന സഖാക്കളുടെ ചട്ടുകമായി നടക്കുന്ന താങ്കള്‍ക്ക് പോകുന്നത് എന്താണെന്ന് താമസിയാതെ മനസിലാകുമെന്നും ഭീഷണി കത്ത് പറയുന്നു. 

ചെങ്ങന്നൂർ സിഐ ജോസ് മാത്യുവിന് വധഭീഷണി കത്ത്, സിൽവർലൈൻ സമരത്തെ നേരിട്ടത്തിന് പിന്നാലെയാണ് ഭീഷണി എത്തിയത്. എൽഡിഎഫിന് വേണ്ടി വിഐപി രക്തസാക്ഷിയാകരുതെന്നാണ് കത്തിൽ മുന്നറിയിപ്പ് നല്‍കുന്നത്. പൊലീസ് സ്റ്റേഷൻ അഡ്രസിലാണ് കത്ത് എത്തിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ട്രാക്ടറിനേയും കംപ്യൂട്ടറിനേയും എക്സ്പ്രസ് വേയും എതിര്‍ത്ത് നോക്കുകൂലിയെ കെട്ടിപ്പിടിച്ച് നടക്കുന്ന സഖാക്കളുടെ ചട്ടുകമായി നടക്കുന്ന താങ്കള്‍ക്ക് പോകുന്നത് എന്താണെന്ന് താമസിയാതെ മനസിലാകുമെന്നും ഭീഷണി കത്ത് പറയുന്നു. സഖാക്കളുടെ മൂലധനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തില്‍ താങ്കളുടെ കുടുംബം വഴിയാധാരം ആകാതെ നോക്കണമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. കത്തിന്‍റെ കോപ്പി മുഖ്യമന്ത്രിക്കും പൊലീസ് സ്റ്റേഷന്‍, മറ്റുമന്ത്രിമാര്‍ എന്നിവര്‍ക്കും നല്‍കിയെന്ന സൂചനയും കത്തിനുണ്ട്. 

സിൽവർ ലൈൻ പദ്ധതിക്കെതിരായ സമരത്തെ മന്ത്രി സജി ചെറിയാൻ അടക്കമുള്ള നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇറക്കി വിടുകയാണെന്ന് മന്ത്രി ആരോപിച്ചു. അതാണ് ചെങ്ങന്നൂരിൽ ഉൾപ്പടെ കാണുന്നത്. ജനങ്ങളുടെ വൈകാരിക പ്രതികരണം മനസ്സിലാകും. സർവ്വേ കല്ല് ഊരിയാൽ വിവരമറിയും, ഒരു സംശയവും വേണ്ടെന്നുമാണ് കഴിഞ്ഞ ദിവസം സജി ചെറിയാന്‍ പ്രതികരിച്ചത്. പിണറായി വിജയൻ സർക്കാർ പറഞ്ഞ വാക്ക് പാലിക്കും, പദ്ധതി നടപ്പാക്കും. ബഫർസോൺ ഒരു മീറ്റർ പോലുമില്ല.

വീടുകൾ കയറി സത്യാവസ്ഥ പറഞ്ഞ് പ്രചരണം നടത്തും. ഇപ്പോൾ സമരം ചെയ്യുന്ന വീട്ടുകാർ സത്യം മനസ്സിലാക്കുമ്പോൾ സർക്കാരിനെ പിന്തുണയ്ക്കും. നഷ്ടപരിഹാര പാക്കേജ് ഉൾപ്പടെ പറഞ്ഞു മനസ്സിലാക്കാം. സിൽവർ ലൈൻ വരുന്നതോടെ ചെങ്ങന്നൂർ മെട്രോപൊളിറ്റൻ സിറ്റി ആകും. സമരത്തെ പൊലീസ് ഒരിടത്തും അടിച്ചമർത്തുന്നില്ല. ബോധപൂർവം കലാപമുണ്ടാക്കി വികസന പദ്ധതി തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണ്. ഈ പദ്ധതി നടപ്പാക്കിയാൽ പിന്നെ കോൺഗ്രസ് ഒരിക്കലും നിലം തൊടില്ല. ഇപ്പോൾ നടക്കുന്നത് അന്യായമായ സമരം ആണ്. കലാപത്തിനുള്ള ശ്രമമാണിത്. ഇവിടെ വികസനമാണ് വേണ്ടതെന്നും കഴിഞ്ഞ ദിവസം മന്ത്രി പ്രതികരിച്ചിരുന്നു.

അതേസമയം സിൽവർ ലൈൻ പാതയ്ക്ക് ബഫർ സോൺ ഉണ്ടാവില്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാദം കെ റെയിൽ എംഡി തള്ളി. സിൽവ‍ർ ലൈൻ പാതയുടെ ഇരുവശത്തും പത്ത് മീറ്റ‍ർ ബഫ‍ർ സോൺ ഉണ്ടാവുമെന്ന് കെറെയിൽ എംഡി വ്യക്തമാക്കി. ഇതിൽ അഞ്ച് മീറ്ററിൽ യാതൊരു നിർമ്മാണവും അനുവദിക്കില്ല. ബാക്കി ഭാ​ഗത്ത് അനുമതിയോടെ നിർമ്മാണം നടത്താം. ബഫർ സോൺ നിലവിലെ നിയമമനുസരിച്ച് തീരുമാറ്റിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.