ഇടുക്കി: പൊലീസ് സ്റ്റേഷൻ പരിസരത്ത് പച്ചക്കറിത്തോട്ടം ഒരുക്കി മാതൃകയാകുകയാണ് ഇടുക്കി ഉപ്പുതറ സ്റ്റേഷനിലെ ഒരുകൂട്ടം നിയമ പാലകർ. കാട് പിടിച്ച് ഉപയോഗ ശൂന്യമായിക്കിടക്കുന്ന സ്റ്റേഷൻ പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായാണ് സ്ഥലത്ത് പൊലീസുകാർ കൃഷി ഇറക്കിയത്. ഉപ്പുതറ എസ്ഐ എസ് കിരണിന്റെ നേതൃത്വത്തിൽ സ്റ്റേഷനിലെ 30 പൊലീസുകാർ ചേർന്നാണ് കൃഷി ചെയ്യുന്നത്.

കൃഷി ഭവന്റെ സഹായത്തോടെയാണ് പൊലീസുകാർ കൃഷി ആരംഭിച്ചത്. പൊലീസ് സ്റ്റേഷന് ചുറ്റുമുള്ള 50 സെന്റ് സ്ഥലത്താണ് കൃഷി ഇറക്കിയിരിക്കുന്നത്. വള്ളിപ്പയർ, ബീൻസ്, ബ്രോക്കോളി, ക്യാബേജ്, വഴുതിന, തക്കാളി, ക്യാപ്സിക്കം, കോവൽ, പച്ചമുളക്, ചീര തുടങ്ങി പത്തോളം പച്ചക്കറികളാണ് തോട്ടത്തിൽ കൃഷി ചെയ്യുന്നത്. 

തുടക്കത്തിൽ പയർ കൃഷി മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഇത് വിജയിച്ചതോടെ രണ്ടാഴ്ച മുമ്പ് കൃഷി വ്യാപിപ്പിക്കുകയായിരുന്നു. കൃത്യനിർവ്വഹണം കഴിഞ്ഞ് കിട്ടുന്ന ഒഴിവ് സമയങ്ങളിലാണ് കൃഷി പരിപാലനത്തിനായി തെരഞ്ഞെടുക്കുന്നത്. ഓരോ പൊലീസുകാരും അവരുടെ വീടുകളിൽ നിന്ന് വളങ്ങൾ സ്റ്റേഷനിലെത്തിച്ചാണ് ചെടികൾക്ക് ഉയോഗിക്കുന്നത്. വളവും വെള്ളവും മറ്റ് പരിപാലനവും പൊലീസുകാർ നേരിട്ടാണ് നടത്തുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ പൊലീസ് കാന്റീലിലും ബാക്കി വരുന്നത് പൊലീസുകാര്‍ അവരവരുടെ വീടുകളിലേക്കും കൊണ്ടുപോകുന്നു.