ഹരിപ്പാട്: പാദസര മോഷണ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിൽ തെളിഞ്ഞത് നാലോളം സമാന മോഷണങ്ങള്‍. ക്ഷേത്രദർശനത്തിനിടെ ഒന്നര വയസുള്ള കുഞ്ഞിന്‍റെ സ്വർണ പാദസരം കവർന്ന കൊല്ലം പരവൂർ കട്ടളയിട്ട വിളയിൽ വീട്ടിൽ രമയെയാണ് (60) ഹരിപ്പാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത്.

കഴിഞ്ഞ 23ന് മണ്ണാറശാല ക്ഷേത്രത്തിൽ ദർശനത്തിനിടെ പൊൻകുന്നം ചിറക്കടവ് കോതപ്പറമ്പിൽ വീട്ടിൽ സിജു കുമാറിന്റെ മകളുടെ ഒരു കാലിൽ കിടന്ന 5 ഗ്രാം തൂക്കമുള്ള പാദസരം കവർന്ന കേസിലാണ് ഇവരെ ക്ഷേത്ര ജീവനക്കാരും ഭക്തരും ചേർന്ന് പടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

ചോദ്യം ചെയ്യലിൽ 2018 ഏപ്രിൽ 13ന് ചക്കുളത്ത് കാവ് ക്ഷേത്രത്തിലും, 2019 ജൂൺ 16ന് രാവിലെ മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ രണ്ട് മോഷണവും, ഉച്ചയ്ക്ക് ചവറ വെറ്റമുക്ക് ജംഗ്ഷനിൽ ആഡിറ്റോറിയത്തിലെ സദ്യാലയത്തിലും മോഷണം നടത്തിയതായി ഇവര്‍ സമ്മതിച്ചു. എല്ലായിടത്തും കുട്ടികളുടെ കാലിലെ പാദസരമാണ് മോഷ്ടിച്ചത്. മോഷണമുതലായ അഞ്ച് പവനോളം സ്വർണം കൊല്ലം ഓയൂർ ഭാഗത്തെ കടയിൽ നിന്നും കണ്ടെടുത്തു.