Asianet News MalayalamAsianet News Malayalam

ഭക്ഷണം നൽകാതെ മകൻ പട്ടണിക്കിട്ടു; ഒടുവിൽ വയോധികയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷിച്ചു

ഭക്ഷണം നൽകാതെ അമ്മയെ മകൻ പട്ടിണിക്കിട്ടു. ഒടുവിൽ നാട്ടുകാരുടെ പരാതിയിൽ പൊലീസെത്തി രക്ഷിച്ചു. 

police rescued old women from son in thrissur
Author
Thrissur, First Published Jul 2, 2019, 10:00 PM IST

തൃശ്ശൂർ: ചാഴൂരിൽ ദിവസങ്ങളോളം പട്ടിണിയിലായ വയോധികയെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷിച്ചു. വേലുമാൻപടി സ്വദേശിയായ മല്ലിക (78)യെയാണ് അന്തിക്കാട് പൊലീസ് രക്ഷിച്ചത്. മല്ലികയ്ക്ക് ഭക്ഷണം നൽകാതെ പട്ടിണിക്കിട്ട മകനുവേണ്ടിയുള്ള തിരച്ചിൽ പുരോ​ഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഇടിഞ്ഞു വീഴാറായ വീട്ടിലാണ് മല്ലികയും മകൻ ജ്യോതിയും താമസിച്ചിരുന്നത്. കൂലിപ്പണിക്കാരനായ ജ്യോതി, മല്ലികയ്ക്ക് ഭക്ഷണം നൽകാറില്ല.   ഭക്ഷണവുമായി ചെല്ലുമ്പോൾ ജ്യോതി വടിവാൾ വീശി ഭീഷണിപ്പെടുത്തുമെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ ആരും വീട്ടിലേക്ക് പോകാതെയായി. തുടർന്ന് മല്ലികയുടെ മകൾ ലതയും നാട്ടുകാരും ചേർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തുമ്പോൾ അനങ്ങാൻ കഴിയാതെ തളർന്ന് കിടക്കുകയായിരുന്നു മല്ലിക. പിന്നീട് ഇവർക്ക് വെള്ളവും ഭക്ഷണവും നൽകിയ ശേഷമാണ് പുറത്തെത്തിച്ചത്.

സ്നേഹിത എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകരും പൊലീസും ചേർന്നാണ് മല്ലികയെ രക്ഷിച്ചത്. പൊലീസ് വരുന്നതറിഞ്ഞ് മകൻ രക്ഷപ്പെട്ടു. ആരോ​ഗ്യസ്ഥിതി മോശമായതിനാൽ മല്ലികയെ പരിശോധനയ്ക്കായി ആലപ്പാട് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ദിവസത്തിനു ശേഷം ഇവരെ രാമവർമ്മപുരത്തെ അഗതി മന്ദിരത്തിലേക്ക് മാറ്റും.  

Follow Us:
Download App:
  • android
  • ios