മാനവീയം വീഥിയിലെ കൂട്ടയടി, ഒറ്റയടിക്ക് 5 തീരുമാനമെടുത്ത് പൊലീസ്; 'നൈറ്റ് ലൈഫ്' ആഘോഷത്തിന് ഇനി കൂടുതൽ ജാഗ്രത
നിയന്ത്രണം കൂടുതൽ കർശനമാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെങ്കിലും പൊലിസിന്‍റെ അനാവശ്യ ഇടപെടൽ ഉണ്ടാകരുതെന്ന് കമ്മീഷണർ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ ഇന്നലെ രാത്രി നടന്ന കൂട്ടയടി സംഘർഷത്തെ തുടർന്ന് നൈറ്റ് ലൈഫിൽ കൂടുതൽ ജാഗ്രത പുലർത്താൻ പൊലീസ് തീരുമാനം. നൈറ്റ് ലൈഫ് ആഘോഷത്തിന് കൂടുതൽ ജാഗ്രതയ്ക്കായി ഒറ്റയടിക്ക് 5 തീരുമാനങ്ങളാണ് പൊലീസ് കൈക്കൊണ്ടിരിക്കുന്നത്. മാനവീയം വീഥിയിൽ നിയന്ത്രണം കൂടുതൽ കർശനമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെങ്കിലും പൊലിസിന്‍റെ അനാവശ്യ ഇടപെടൽ ഉണ്ടാകരുതെന്ന് കമ്മീഷണർ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
അഞ്ച് തീരുമാനങ്ങൾ ഇങ്ങനെ
1 റോഡിന്‍രെ രണ്ട് വശത്തും ബാരിക്കേഡ് സ്ഥാപിക്കും
2 ഡ്രഗ് കിറ്റ് കൊണ്ടുഉള പരിശോധന ഉണ്ടാകും
3 രണ്ട് വാഹനങ്ങളിൽ ദ്രുതകർമ്മ സേനയെ 11 മണിക്ക് ശേഷം മാനവീയം വീഥിയിൽ നിയോഗിക്കും
4 സംഘർഷമുണ്ടായാൽ പരാതിയില്ലെങ്കിലും കേസെടുക്കും
5 മാനവീയം വീഥിയിൽ കൂടുതൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കും
നിയന്ത്രണവും പരിശോധനയും കടുപ്പിക്കുമെങ്കിലും പൊലീസിന്‍റെ അനാവശ്യ ഇടപെടൽ ഉണ്ടാകില്ലെന്നാണ് കമ്മീഷണർ നൽകുന്ന ഉറപ്പ്. ഇക്കാര്യം വ്യക്തമാക്കി പ്രത്യേക നിർദ്ദേശം കമ്മീഷണർ നൽകിയിരിക്കുന്നതും അതുകൊണ്ടാണ്. ഡ്രഗ് കിറ്റ് കൊണ്ടുള്ള പരിശോധന എല്ലാവർക്കുമുണ്ടാകില്ലെന്നും സംശയമുളളവരെ മാത്രമാകും ഇത്തരത്തിൽ പരിശോധിക്കുകയെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
തിരുവനന്തപുരം ഡി സി പിയുടെ പ്രതികരണം
അതേസമയം മാനവീയം വീഥിയിലുണ്ടായ കൂട്ടത്തല്ലില്‍ കൂടുതൽ കാര്യങ്ങൾ വിശദീകരിച്ച് തിരുവനന്തപുരം ഡി സി പി നിധിന്‍ രാജ് നേരത്തെ രംഗത്തെത്തിയിരുന്നു. പരാതിയില്ലെങ്കിലും കൂട്ടയടിയില്‍ കേസെടുക്കുമെന്നാണ് ഡി സി പി വ്യക്തമാക്കിയത്. പൊതു സ്ഥലങ്ങളിലെ അക്രമങ്ങളിൽ പരാതി ലഭിച്ചിട്ടില്ലെങ്കിലും പൊലീസ് സ്വമേധയാ ഉടന്‍ തന്നെ കേസെടുക്കുമെന്നും തിരുവനന്തപുരം ഡി സി പി വിവരിച്ചു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ആളുകളെ തിരിച്ചറിയാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മാനവീയം വീതിയില്‍ പൊലീസ് നിരീക്ഷണം കര്‍ശനമായി തുടരുമെന്നും ഡി സി പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
മാനവീയം വീഥിയിലെ കൂട്ടയടി; കര്‍ശന നിരീക്ഷണം തുടരും, പരാതിയില്ലെങ്കിലും കേസെടുക്കുമെന്ന് ഡിസിപി