പൊലീസിനെ കണ്ട് ഒരു ചാക്കുകെട്ട് വാഹനത്തിൽ നിന്നും റോഡ് സൈഡിലേക്ക് എറിഞ്ഞ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസിന്‍റെ വൻ കഞ്ചാവ് വേട്ട. പാറശ്ശാല പൊലീസിന്റെ വാഹന പരിശോധനയിലാണ് 12 കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് പൊക്കി. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ അരവിന്ദ് മോഹൻ (24) ആണ് പിടിയിലായത്. കഴക്കൂട്ടം കാരോട് ബൈപ്പാസിൽ വ്ളാത്താങ്കര പാലത്തിന് സമീപത്തുവെച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
വ്ളാത്താങ്കര പാലത്തിന് സമീത്ത് വെച്ച് പൊലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. പരിശോധനയ്ക്കിടെ യുവാവ് പൊലീസിനെ കണ്ട് വാഹനം നിർത്തി. പൊലീസിനെ കണ്ട് ഒരു ചാക്കുകെട്ട് വാഹനത്തിൽ നിന്നും റോഡ് സൈഡിലേക്ക് എറിഞ്ഞ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് ഉപേക്ഷിച്ച ചാക്ക്കെട്ട് പരിശോധിച്ചപ്പോഴാണ് 12 കിലോ കഞ്ചാവ് കണ്ടെത്തിയത്.
വിഴിഞ്ഞം, കോവളം, വെങ്ങാനൂർ എന്നിവിടങ്ങളിൽ ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് പൊലീസ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് വാങ്ങിയെന്നും തിരുവനന്തപുരത്ത് ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതാണ് കഞ്ചാവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പ്രതിക്ക് കഞ്ചാവ് വിൽപ്പന നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
Read More : പെൻഷൻ മുടങ്ങിയിട്ട് 5 മാസം; ഭിന്നശേഷിക്കാരൻ ജീവനൊടുക്കിയ നിലയിൽ, പഞ്ചായത്തിന് കത്ത്
