നമ്പര്‍ പ്ലേറ്റില്ലാതെയും രൂപമാറ്റം വരുത്തിയും ഓണാഘോഷത്തിനായി എത്തിച്ച നിരവധി വാഹനങ്ങള്‍ മലപ്പുറം നിലമ്പൂര്‍ മേഖലയില്‍ പൊലീസ് പിടികൂടി. കോളജുകളില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങളുമായുള്ള അഭ്യാസം വര്‍ധിച്ചതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്.

മലപ്പുറം: നമ്പര്‍ പ്ലേറ്റില്ലാതെയും രൂപമാറ്റം വരുത്തിയും ഓണാഘോഷത്തിനായി എത്തിക്കുന്നത് നിരവധി വാഹനങ്ങള്‍. മലപ്പുറം നിലമ്പൂര്‍ മേഖലയില്‍ കൂട്ടത്തോടെ വാഹനങ്ങള്‍ പിടികൂടി പൊലീസ്. ആഘോഷങ്ങളുടെ പേരില്‍ കോളജുകളില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങളുമായുള്ള അഭ്യാസം വര്‍ധിച്ചതോടെയാണ് പൊലീസ് പരിശോധന കര്‍ശനമാക്കിയത്. ഇതെത്തുടര്‍ന്നാണ് ഇത്തരത്തില്‍ നിരവധി വാഹനങ്ങള്‍ പൊലീസ് പിടികൂടിയത്. നിലമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോളജുകളില്‍ നിന്നാണ് കാറുകള്‍ അടക്കം പിടിച്ചെടുത്തത്. ലക്ഷങ്ങള്‍ വിലയുള്ള ആഡംബര കാറുകളായ ബിഎംഡബ്ലിയു ഔഡി കാറുകള്‍, രൂപമാറ്റം വരുത്തിയ ഫോര്‍ വീല്‍ ജീപ്പുകള്‍ തുടങ്ങിയ വാഹനങ്ങളും പിടിച്ചെടുത്തതില്‍പ്പെടും. ഇതില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനങ്ങളുമുണ്ട്.

നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു കെ. എബ്രഹാമിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂര്‍, വണ്ടൂര്‍, എടക്കര, ചുങ്കത്തറ, മമ്പാട് ഭാഗങ്ങളിലെ കോളജുകളിലേക്കെത്തിച്ച വാഹനങ്ങള്‍ പിടികൂടുകയായിരുന്നു. ബൈക്കുകളും കാറുകളും ജീപ്പുകളും ഇതില്‍ പെടും.'അലിയാര്‍ ഗ്യാങ്' എന്ന് മാത്രം എഴുതിയാണ് ചില വാഹനങ്ങള്‍ റോഡിലിറക്കിയത്. രൂപമാറ്റം വരുത്തിയതിന് വന്‍തുക പിഴയായി ഈടാക്കും. ഓരോ ഭാഗത്തിന്റെയും രൂപമാറ്റത്തിന് 5000 രൂപ വീതം പിഴ ഈടാക്കുമെന്നാണ് പറയുന്നത്.

ലോഹിതദാസിന്റെ രചനയില്‍ ജോഷി സംവിധാനം നിര്‍വഹിച്ച് 1992ല്‍ പുറത്തിറങ്ങിയ 'കൗരവറി'ലെ അലിയാരുടെ (തിലകന്‍) നേതൃത്വത്തിലെ അണ്ടര്‍ വേള്‍ഡ് ഗ്യാങ്ങിനെ സൂചിപ്പിച്ചാണ് 'അലിയാര്‍ ഗ്യാങ്' സ്റ്റിക്കര്‍ വിദ്യാര്‍ഥികള്‍ പതിക്കുന്നത്. ആന്റണിയുടെ (മമ്മൂട്ടി) ഭാര്യയുടെയും മകളുടെയും, അലിയാറിന്റെ (തിലകന്‍) ഭാര്യയുടെയും രണ്ട് പെണ്‍മക്കളുടെയും മരണത്തിന് ഉത്തരവാദിയായ പൊലീസ് ഓഫീസറോടുള്ള പകയുടെ കഥയാണ് 'കൗരവര്‍' പറയുന്നത്. ചിത്രത്തിലെ സീനുകള്‍ അടുത്തിടെയായി അലിയാര്‍ ഗ്യാങ് എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ റീലുകളായി വൈറലാണ്.

സംഭവത്തെക്കുറിച്ച് ആര്‍ഡിഒക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് നിലമ്പൂര്‍ സിഐ സുനില്‍ പുളിക്കല്‍ പറഞ്ഞു. ഇത്രയേറെ ആഡംബര വാഹനങ്ങള്‍ ഓണാഘോഷത്തിന്റെ പേരില്‍ പിടിച്ചെടുക്കുന്നതും ആദ്യമായാണെന്ന് പൊലീസ് പറയുന്നു.