ആലപ്പുഴ: അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന 14 ലിറ്റർ മദ്യം പിടിച്ചെടുത്തു. വീട്ടുടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടാരമ്പലം കൊച്ചുതെക്കടത്ത് ബോബിവില്ലയിൽ തോമസ് സഖറിയ (59) ആണ് അറസ്റ്റിലായത്. ഇയാളുടെ വീടിനോടു ചേർന്നുള്ള ബേക്കറിയും കാർപോർച്ചും കേന്ദ്രീകരിച്ചായിരുന്നു വിൽപ്പന. 

ഏറെക്കാലം വിദേശത്തായിരുന്ന തോമസ് ഒറ്റയ്ക്കാണ് താമസം. ഇയാളുടെ കാർ പോർച്ച്, കാർ എന്നിവിടങ്ങളിൽ നിന്നായി വിവിധ കുപ്പികളിലായി 14 ലിറ്റർ മദ്യം പൊലീസ് കണ്ടെടുത്തു. അർധരാത്രി വരെ കട തുറന്നിരിക്കുന്നതും കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇവിടെ സ്ഥിരമായി എത്തുന്നു എന്ന പരാതിയെ തുടർന്നും പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് പ്രതിയെ കുടുക്കിയത്. 

ബിവറേജസ് കോർപറേഷൻ മദ്യവിൽപന ശാലയിൽ നിന്നു ദിവസവും 3 കുപ്പി മദ്യംവീതം വാങ്ങി സൂക്ഷിക്കുന്ന തോമസ് സഖറിയ മദ്യം 200 മില്ലി വീതം കൊള്ളുന്ന ജ്യൂസ് കുപ്പിയിലാക്കി 100മുതൽ 150 രൂപ നിരക്കിലാണു വിൽപന നടത്തിയിരുന്നത്.