കല്‍പ്പറ്റ: ശര്‍ക്കര ലോഡിന്റെ മറവില്‍ കടത്തിയ 54000 നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ജില്ല എക്സൈസ് ഇന്റലിജന്‍സിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി എകസൈസ് റെയിഞ്ച് സംഘവും, എക്സൈസ് ഇന്റലിജന്‍സ് വിഭാഗവും ബത്തേരി ടൗണില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. 

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ലോറിയുടെ ഡ്രൈവറും സഹായിയുമാണ് പിടിയിലായത്. ഒറ്റനോട്ടത്തില്‍ കണ്ടെത്താന്‍ കഴിയാത്തവിധമായിരുന്നു ലഹരി ഉല്‍പ്പന്നങ്ങള്‍ ഒളിപ്പിച്ചിരുന്നത്. ഇത്രയും പാക്കറ്റ് 36 ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു. ബത്തേരിയിലും പരിസര പ്രദേശങ്ങളിലും വില്‍പ്പനക്കായി കൊണ്ടുവരികയായിരുന്നവയാണ് പിടിച്ചെടുത്തത്.