Asianet News MalayalamAsianet News Malayalam

പതിനഞ്ചുകാരനെ സൈക്കിളടക്കം ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താത പോയി; വാര്‍ത്തയായതോടെ 'ചാര കളര്‍ ഇന്നോവ ഹാജരായി'

രണ്ട് ദിവസം മുന്നെയാണ് തൃശ്ശൂര്‍  ദയ ആശുപത്രിയ്ക്ക് സമീപത്ത് വിയ്യൂര്‍ പാലത്തില്‍ സൈക്കിളോടിച്ചു പോകുകയായിരുന്ന കുട്ടിയുടെ പിന്നിൽ ഇന്നോവ കാര്‍ വന്നിടിച്ചത്.

Police seized toyota innova crysta car for hit and run case in thrissur
Author
Thrissur, First Published Aug 25, 2021, 9:52 AM IST

തൃശ്ശൂര്‍: പൊലീസ് തിരയുന്നുണ്ടെന്ന് അറിഞ്ഞതോടെ കുട്ടിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താത പോയ  'ചാര നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ പൊലീസിന് മുന്നില്‍ ഹാജരായി'. സൈക്കിളിൽ സഞ്ചരിച്ച പതിനഞ്ചുകാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം പരിക്ക് ​ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ വാഹനവുമായി മുങ്ങിയ കാറുടമയാണ് ഒടുവില്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. 

രണ്ട് ദിവസം മുന്നെയാണ് തൃശ്ശൂര്‍  ദയ ആശുപത്രിയ്ക്ക് സമീപത്ത് വിയ്യൂര്‍ പാലത്തില്‍ സൈക്കിളോടിച്ചു പോകുകയായിരുന്ന കുട്ടിയുടെ പിന്നിൽ  ഇന്നോവ കാര്‍ വന്നിടിച്ചത്. രാത്രി പത്ത് മണിയോടെയാണ് സംഭവം. കുട്ടിയെയും സൈക്കിളും ഇടിച്ച് തെറിപ്പിച്ച് നിയന്ത്രണം വിട്ട വാഹനം സമീപത്തെ മുന്നറിയിപ്പ് ബോർഡ് തകർത്താണ് നിന്നത്. 

ഡ്രൈവർ പുറത്തിറങ്ങി കുട്ടിക്കരികിലെത്തി നോക്കുന്നത് സമീപത്തെ സിസിടിവിയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. കുട്ടിയുടെ പരിക്ക് ​ഗുരുതരമാണെന്ന് തോന്നിയതോടെ ഇയാൾ കാറിൽ കയറി സ്ഥലം വിടുകയായിരുന്നു. വെറും 300 മീറ്റർ മുൻപിൽ ആശുപത്രിയുണ്ടായിരുന്നിട്ടും കുട്ടിയെ അവിടെയാക്കാനുള്ള മനസ് ഡ്രൈവർ കാണിച്ചില്ല.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബംപറിന്റെ ഒരു ഭാ​ഗം നിലത്തുവീണിരുന്നു. ഇതിൽ നിന്നാണ് അപകടമുണ്ടാക്കിയ ഇന്നോവ ക്രിസ്റ്റയാണെന്ന് വ്യക്തമായത്. വടക്കാഞ്ചേരി ഭാഗത്തേക്കു പോയ വാഹനത്തെപ്പറ്റി കൂടുതൽ വിവരങ്ങൾക്കായി ടോൾ പ്ലാസകളിലെയും ജില്ലാ അതിർത്തികളിലെയും സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും വിയ്യൂർ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. നിര്‍ത്താതെ പോയ വാഹനത്തെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് കാറുടമ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.  ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios