നിയമിതരാവുന്ന സ്‌റ്റേഷനോടനുബന്ധിച്ച് താമസസൗകര്യമുണ്ടാവുന്നത് അവര്‍ക്ക് വലിയ ഉത്തേജനമാവും. കുടുംബത്തെ കണ്ടുകൊണ്ട് ജോലി ചെയ്യാമെന്നതും പ്രശ്‌നങ്ങളില്‍ അപ്പോള്‍ തന്നെ ഇടപെടാമെന്നതും സൗകര്യമാണ്.

കല്‍പ്പറ്റ: ജനാധിപത്യ സംവിധാനത്തില്‍ പൊലീസിന് ഏറെ പ്രവര്‍ത്തിക്കാനുണ്ടെന്നും അതിനാല്‍ നീതിനിര്‍വഹണത്തില്‍ ജനപക്ഷത്ത് നില്‍ക്കാന്‍ പൊലീസിന് കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്‍റെ ആയിരം ദിനാഘോഷത്തിന്‍റെ ഭാഗമായി കേണിച്ചിറ പൊലീസ് സ്‌റ്റേഷനോടനുബന്ധിച്ച് നിര്‍മിച്ച ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പൊലീസ് ജനസേവകര്‍ ആകണമെന്നതാണ് ഈ സര്‍ക്കാരിന്‍റെ നയം. പ്രവര്‍ത്തികളില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കണം. പൊലീസ് സേവനം വൈവിധ്യവല്‍ക്കരിക്കുന്നതിനൊപ്പം പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പുവരുത്തുകയെന്നതും സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണ്. നിയമിതരാവുന്ന സ്‌റ്റേഷനോടനുബന്ധിച്ച് താമസസൗകര്യമുണ്ടാവുന്നത് അവര്‍ക്ക് വലിയ ഉത്തേജനമാവും. കുടുംബത്തെ കണ്ടുകൊണ്ട് ജോലി ചെയ്യാമെന്നതും പ്രശ്‌നങ്ങളില്‍ അപ്പോള്‍ തന്നെ ഇടപെടാമെന്നതും സൗകര്യമാണ്. ഇതാണ് പൊലീസ് സ്‌റ്റേഷനുകളോടനുബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് താമസസൗകര്യമൊരുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്‍റെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.