നൊച്ചുള്ളി സ്വദേശി മഹേഷിന്റെ ഓട്ടോറിക്ഷയാണ് സാമൂഹിക വിരുദ്ധർ കത്തിച്ചത്. ഓട്ടോറിക്ഷയ്ക്ക് സമീപത്ത് നിന്നും മണ്ണെണ്ണ കുപ്പിയും തീപ്പെട്ടിയും കണ്ടെത്തി.
പാലക്കാട്: പാലക്കാട് കുഴൽമന്ദം നൊച്ചുള്ളിയിൽ വീടിനുമുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ കത്തിച്ചെന്ന് പരാതി. നൊച്ചുള്ളി സ്വദേശി മഹേഷിന്റെ ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്. സംഭവത്തിൽ കുഴൽമന്ദം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പുതുവത്സര ദിനം രാത്രിയായിരുന്നു സംഭവം. പൂട്ടിയിട്ട വീടിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു മഹേഷിൻ്റെ ഉപജീവന മാർഗം കൂടിയായ ഓട്ടോറിക്ഷ. മഹേഷ് ശബരിമല ദർശനം കഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയപ്പോഴാണ് ഓട്ടോറിക്ഷ പൂർണമായും കത്തിയ നിലയിൽ കണ്ടത്. പൊലീസ് സംഭവസ്ഥലത്ത് എത്തി വിശദമായ പരിശോധന നടത്തി. ഓട്ടോറിക്ഷയ്ക്ക് സമീപത്ത് നിന്നും മണ്ണെണ്ണയും തീപ്പെട്ടിയും കണ്ടെത്തി. സിസിടിവി കേന്ദ്രീകരിച്ച് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി കുഴൽമന്ദം പൊലീസ് അറിയിച്ചു.
