Asianet News MalayalamAsianet News Malayalam

ആംബുലന്‍സിനായി പൊലീസ് കാത്തുനിന്നു; റോഡപകടത്തില്‍ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം

 ഗതാഗതം തിരിച്ച് വിടുന്നതിലായിരുന്നു പൊലീസിന്‍റെ ശ്രദ്ധ. അപകടത്തില്‍ പരിക്കേറ്റയാളെ സംഭവസ്ഥലത്ത് നിന്ന് മാറ്റാന്‍ പോലും പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് അഖില്‍ ഒരു മണിക്കൂറോളം രക്തം വാര്‍ന്ന് റോഡിൽ കിടന്നു.  

Police waiting for ambulance take young man injured in road accident to hospital at last he is dead
Author
Thiruvananthapuram, First Published Aug 7, 2021, 11:15 AM IST


തിരുവനന്തപുരം: റോഡ് അപകടത്തിൽ പരിക്ക് പറ്റിയ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് വരുന്നത് വരെ പൊലീസ് കാത്തു നിന്നു. ഇതേതുടര്‍ന്ന് രക്തം വാര്‍ന്ന് യുവാവിന് ദാരുണാന്ത്യം. കാട്ടാക്കട തൂങ്ങാംപാറ ചെട്ടിക്കോണം തോപ്പുവിളാകത്ത് വീട്ടിൽ പരേതനായ പ്രമേഷിന്‍റെയും ലതയുടെയും മകൻ അഖിൽ പ്രമേഷ് (22) ആണ് മരിച്ചത്. തിരുവല്ലം അശോഖ് ലൈലാൻഡ് കമ്പനിയിലെ മെക്കാനിക്കൽ ജീവനക്കാരനാണ് പ്രമേഷ്. 

വെള്ളിയാഴ്ച രാവിലെ 8.30 ഓടെ തിരുവല്ലം ചിത്രാഞ്ജലി റോഡിന് സമീപമുള്ള വളവിലായിരുന്നു അപകടം. പാച്ചല്ലുർ ഭാഗത്ത് നിന്ന് തിരുവല്ലം വഴി കിഴക്കേകോട്ടയിലേക്ക് പോയ ബസിനെ മറികടക്കുന്നതിനിടെ ബൈക്കിന്‍റെ ഹാൻഡിൽ ബസിൽ തട്ടുകയായിരുന്നു. ഇതേ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് ഓടിക്കൊണ്ടിരുന്ന ബസിനടിയിൽപ്പെട്ടാണ് അപകടമുണ്ടായതെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. 

തിരുവല്ലം പൊലീസ് സ്റ്റേഷന് സമീപത്ത് നടന്ന അപകടത്തെ കുറിച്ച് വിവരം അറിഞ്ഞ പൊലീസ് ഉടനെത്തിയെങ്കിലും യുവാവിനെ , പൊലീസ് ജീപ്പിൽ സമീപത്തെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പകരം ഗതാഗതം തിരിച്ച് വിടുന്നതിലായിരുന്നു പൊലീസിന്‍റെ ശ്രദ്ധ. അപകടത്തില്‍ പരിക്കേറ്റയാളെ സംഭവസ്ഥലത്ത് നിന്ന് മാറ്റാന്‍ പോലും പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് അഖില്‍ ഒരു മണിക്കൂറോളം രക്തം വാര്‍ന്ന് റോഡിൽ കിടന്നു.  

അപകടം നടന്നിട്ടും പരിക്കേറ്റയാളെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഗതാഗതം നിയന്ത്രിച്ച പൊലീസിനെതിരെ ഒടുവില്‍ നാട്ടുകാര്‍ സംഘടിച്ച് തുടങ്ങിയതോടെ, അഖിലിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പൊലീസ് തയ്യാറായി. അപ്പോഴേക്കും അപകടം നടന്ന് ഒരു മണിക്കൂറോളം സമയം പിന്നിട്ടിരുന്നു. ഇതേസമയം മെഡിക്കല്‍ കോളേജില്‍ നിന്ന് 108 ആംബുലന്‍സ് എത്തിയതോടെ യുവാവിനെ ആംബുലന്‍സില്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാല്‍ ഏറെ നേരം രക്തം വാര്‍ന്നതിനാല്‍  ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. തിരുവല്ലം പൊലീസ് കേസെടുത്തു. അഖിലിന്‍റെ അച്ഛന്‍ അഞ്ച് മാസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. അഖില, അഖിലേഷ് എന്നിവർ സഹോദരങ്ങളാണ്.

Follow Us:
Download App:
  • android
  • ios