ലക്‌നൗവിലെ എടിഎം കൗണ്ടറില്‍ നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്ന് ബാങ്കിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് പണം നഷ്ടപ്പെട്ട വിവരം മൊയ്തു അറിയുന്നത്.

കല്‍പ്പറ്റ: വയനാട്ടില്‍ എടിഎം വഴിയുള്ള പണാപഹരണം തുടര്‍ക്കഥയാകുന്നു. മാനന്തവാടി സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐ പേര്യ സ്വദേശി മൊയ്തുവിന്റെ ഇത്തവണ നഷ്ടമായിരിക്കുന്നത്. മാനന്തവാടി എസ്ബിഐ ശാഖയിലാണ് മൊയ്തുവിന്റെ എക്കൗണ്ട്. തിങ്കളാഴ്ച അര്‍ധരാത്രി 11.53, 11.54, 12.03, നാല് മണി എന്നീ സമയങ്ങളിലായി ഈ എക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായിരിക്കുന്നത്. ലക്‌നൗവിലെ എടിഎം കൗണ്ടറില്‍ നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്ന് ബാങ്കിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

ചൊവ്വാഴ്ച രാവിലെയാണ് പണം നഷ്ടപ്പെട്ട വിവരം മൊയ്തു അറിയുന്നത്. തുടര്‍ന്ന്‌ മാനന്തവാടി പൊലീസില്‍ പരാതി നല്‍കി. ആറാം തവണയാണ് മാനന്തവാടി എസ്.ബി.ഐ.യില്‍ നിന്നും ഇത്തരത്തില്‍ പണം നഷ്ടമാകുന്നത്. ഈ വര്‍ഷം തന്നെ ജനുവരിയില്‍ കമ്മന സ്വദേശിയുടെ 36,400 രൂപ നഷ്ടമായിരുന്നു. അന്ന് പാറ്റ്‌നയില്‍ നിന്നാണ് പണം പിന്‍വലിച്ചത്. ഇതിന് ശേഷം ചിറക്കര സ്വദേശിയായ അധ്യാപകന്റെയും ഒണ്ടയങ്ങാടി, കുഞ്ഞോം സ്വാദേശികളുടെ നാല്‍പതിനായിരം രൂപ വീതവും അധ്യാപികയുടെ 5,600 രൂപയും നഷ്ടമായി. 

പൊലീസ് കേസെടുത്തിരുന്നെങ്കിലും പ്രതികളാരെന്ന് ഇതുവരെ കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. വൈത്തിരിയില്‍ പ്രദേശിക പത്രപ്രവര്‍ത്തകന്റെ പണം ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തി തട്ടിയെടുത്ത സംഭവവും ഉണ്ടായി. അതേ സമയം തുടര്‍ച്ചയായി തട്ടിപ്പ് നടക്കുന്നത് ബാങ്കിന്റെ സുരക്ഷാവീഴ്ചയായിട്ടാണ് പൊതുജനം വിലയിരുത്തുന്നത്.