Asianet News MalayalamAsianet News Malayalam

അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിച്ചില്ലെന്ന് പരാതി; പ്രതിഷേധ പൊങ്കാലയിട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ

തങ്ങൾക്ക് അർഹതപ്പെട്ട ശമ്പള പരിഷ്‌കരണം, ആനുകൂല്യങ്ങൾ എന്നിവ നിഷേധിച്ച മാനേജ്മെന്റിന്റെയും സർക്കാരിന്റെയും അവഗണനക്കെതിരെയാണ് ജീവനക്കാർ പൊങ്കാല ഇട്ട് പ്രതിഷേധിച്ചത്. 

ponkala for protest from ksrtc staff
Author
Trivandrum, First Published Feb 27, 2021, 3:07 PM IST

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പ്രതിഷേധ പൊങ്കാലയിട്ട് ജീവനക്കാർ. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് ജീവനക്കാർ പൊങ്കാല ഇട്ടത്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക ഉൾപ്പടെയുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ നടന്നു വരുന്ന പ്രതിഷേധ പരിപാടികളുടെ അഞ്ചാം മുഖമായാണ് 51 കലങ്ങളിലായി  ജീവനക്കാർ പ്രതിഷേധ പൊങ്കാല ഇട്ടത്. 

പൊങ്കാലയ്ക്ക് അപ്പുറം തങ്ങളെ ഇതുപോലെ ദ്രോഹിച്ച ഒരു സർക്കാർ ഇവിടെ വരാതിരിക്കാനുള്ള ബലിതർപ്പണം കൂടിയാണെന്ന് സമരസമിതി അംഗം ഷിബു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്നോട് പറഞ്ഞു. തങ്ങൾക്ക് അർഹതപ്പെട്ട ശമ്പള പരിഷ്‌കരണം, ആനുകൂല്യങ്ങൾ എന്നിവ നിഷേധിച്ച മാനേജ്മെന്റിന്റെയും സർക്കാരിന്റെയും അവഗണനക്കെതിരെയാണ് ജീവനക്കാർ പൊങ്കാല ഇട്ട് പ്രതിഷേധിച്ചത്. സംസ്ഥാനത്ത് സർക്കാർ ജേർവനക്കാർക്കും പൊതുമേഖലാ ജീവനക്കാർക്കും ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയെങ്കിലും തങ്ങളെ അവഗണിക്കുകയായിരുന്നു എന്ന് ജീവനക്കാർ പറയുന്നു. 

പിൻവാതിൽ നിയമനത്തിലൂടെയല്ല തങ്ങൾ ജോലിയിൽ പ്രവേശിച്ചത്. മറ്റു സർക്കാർ ജീവനക്കാരെ പോലെ തന്നെ പി.എസ്.സി പരീക്ഷ എഴുതി വിജയിച്ചാണ് തങ്ങളും ജോലിയിൽ പ്രവേശിച്ചത്. എന്നിട്ടും അർഹതപ്പെട്ട ആനുകൂല്യങ്ങൾ എന്തിനാണ് ഒഴിവാക്കിയത് എന്ന് അധികൃതർ മറുപടി പറയണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. ശമ്പള പരിഷ്‌കരണം ഉൾപ്പെടെയുള്ളവ നേടിയെടുക്കുന്നതിൽ തൊഴിലാളി യൂണിയനുകൾ പരാജയം കണ്ടതോടെയാണ് യൂണിയൻ വ്യത്യാസമെന്നെ ജീവനക്കാർ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ സംയുക്ത സമര സമിതി എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിച്ചത്.

Follow Us:
Download App:
  • android
  • ios