കല്ലാർ മീൻമുട്ടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളും നാളെ മുതൽ തുറന്നു പ്രവർത്തിക്കും

തിരുവനന്തപുരം: കൊവിഡ്, ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന പൊന്മുടിയിൽ നാളെ മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. തിരുവനന്തപുരം വനം ഡിവിഷനിലെ കല്ലാർ മീൻമുട്ടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളും നാളെ മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് തിരുവനന്തപുരം ഡിഎഫ്ഒ അറിയിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തലസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടിയിൽ (Ponmudi) സന്ദർശകർക്ക് വിലക്ക്. പൊന്മുടി ഇക്കോ ടൂറിസത്തിൽ 2022 ജനുവരി 18 ചൊവ്വാഴ്ച മുതലാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് തിരുവനന്തപുരം ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചത്. നേരത്തെ ബുക്ക് ചെയ്തവരെ മാത്രമായിരുന്നു നിയന്ത്രണത്തിന് ശേഷം കടത്തിവിട്ടിരുന്നത്. ഇത് സാധിക്കാത്തവർക്ക് ഓൺലൈൻ ബുക്കിങിന് ചെലവായ തുക ഓൺലൈനായി തന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നു. 

കൊവിഡ്, ഒമിക്രോൺ എന്നിവ വ്യാപകമാകുന്ന സാഹചര്യത്തിൽ അഗസ്ത്യാർകൂടം ട്രക്കിംഗിന് കഴിഞ്ഞ ജനുവരി 18 മുതൽ ഓൺലൈനായി ഓരോ ദിവസവും ബുക്ക് ചെയ്ത ആദ്യത്തെ അമ്പത് പേർക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചിരുന്നു. ഓരോ ദിവസത്തെയും ബുക്കിംഗ് ലിസ്റ്റ് വനം വകുപ്പിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഓൺലൈൻ ബുക്കിങ്‌ ചെയ്ത ശേഷിക്കുന്നവർക്ക് തുക ഓൺലൈനായി തന്നെ തിരികെ നൽകുന്നതിനും സംവിധാനം ഏർപ്പെടുത്തിയിരുന്നു.