Asianet News MalayalamAsianet News Malayalam

ബിവറേജിലെ ക്യൂ തെറ്റിച്ച യുവാവിന് നഷ്ടപ്പെട്ടത് സ്വര്‍ണ ബ്രേസ്‍ലെറ്റ്; അത് തിരിച്ച് കൊടുത്ത കഥ എഴുതി എസ്ഐ

ദാഹം മാറ്റാന്‍ വന്ന യുവാവ് ബിവറേജസ് ഔട്ട‍്‍ലെറ്റിലെ ക്യൂവില്‍ നിന്നതും അത് തെറ്റിച്ച് തന്റെ ഇഷ്ടപാനീയങ്ങൾ വാങ്ങിയതുമെല്ലാം വളരെ രസകരമായി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ എസ്ഐ കുറിക്കുന്നുണ്ട്

poonthura si fb post regarding an incident which a man lost his bracelet
Author
Poonthura, First Published Dec 7, 2018, 5:44 PM IST

തിരുവനന്തപുരം: മുട്ടത്തറ ബിവറേജസ് ഔട്ട്‍ലെറ്റില്‍ വെച്ച് സ്വർണ ബ്രേസ്‍ലെറ്റ് ഒരു യുവാവിന് നഷ്ടപ്പെടുന്നു. അത് ലഭിച്ചതാകട്ടെ, ഒരു ബിവറേജസ് ജീവനക്കാരനും. നല്ല മനസിന്‍റെ ഉടമയായ അയാള്‍ അത് പൊലീസില്‍ ഏല്‍പ്പിക്കുന്നു. ഉടമയെ കണ്ടെത്തിയ പൊലീസ് അത് ബിവറേജസ് ജീവനക്കാരനെ കൊണ്ട് തന്നെ തിരികെ കൊടുക്കുപ്പിക്കുന്നു... എല്ലാം ശുഭം..!

എന്നാല്‍, ഈ ബ്രേസ്‍ലെറ്റിന് പിന്നിലെ കഥ പൂന്തുറ എസ്ഐ സജിന്‍ ലൂയിസ് അല്‍പം നര്‍മം കലര്‍ത്തി ഫേസ്ബുക്കില്‍ ഇട്ടതോടെ സാമൂഹ്യ മാധ്യമങ്ങള്‍ അത് ഏറ്റെടുത്തിരിക്കുകയാണ്. ദാഹം മാറ്റാന്‍ വന്ന യുവാവ് ബിവറേജസ് ഔട്ട‍്‍ലെറ്റിലെ ക്യൂവില്‍ നിന്നതും അത് തെറ്റിച്ച് തന്റെ ഇഷ്ടപാനീയങ്ങൾ വാങ്ങിയതുമെല്ലാം വളരെ രസകരമായി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ എസ്ഐ കുറിക്കുന്നുണ്ട്.

അവസാനം ഒരു ലക്ഷം രൂപയുടെ മുതൽ തിരിച്ചു കിട്ടിയെങ്കിലും ക്യൂ തെറ്റിച്ച് അതിക്രമം കാട്ടിയതിന് ക്രൂരനായ പൂന്തുറ സബ് ഇൻസ്‌പെക്ടർ  പെറ്റി കേസെടുത്തതിലുളള അമർഷം കഥാനായകന്‍ പിറുപിറുത്ത് പല്ല് കടിച്ചുപൊട്ടിച്ച് അമർത്തി നിർത്തിയെന്നും പറഞ്ഞാണ് സജിന്‍ ലൂയിസിന്‍റെ കുറിപ്പ് അവസാനിക്കുന്നത്. 

എസ്ഐ സജിന്‍ ലൂയിസിന്‍റെ പോസ്റ്റ് വായിക്കാം

ജഗേഷ്, അവനാണീക്കഥയിലെ നായകനും വില്ലനും.
ഈ ഡിസംബർ 4 തിയതി മദ്ധ്യാഹ്നത്തിലാണ് കഥയ്ക്ക് ആസ്പദമായ സംഭവം നടന്നത്. കുറച്ചു മദ്യം സേവിക്കാനായി ദാഹിച്ച് കൂട്ടുകാരോടൊപ്പം ഇറങ്ങി തിരിച്ചതാണവൻ , എത്തിച്ചേർന്നതോ മുട്ടത്തറ ബിവറേജസ് ഔട്ട് ലറ്റിനു മുന്നിലെ നീണ്ടു വളഞ്ഞ ക്യൂവിനു പിന്നിലും. ഒച്ചിഴയുന്ന വേഗതയിൽ നീങ്ങുന്ന ക്യൂവിൽ ഊഴം കാത്ത് സമാധാനത്തിന്റെ പ്രതിരൂപമായി നിൽക്കുന്ന മദ്യപാനികളെ കണ്ട് അവന് പുച്ഛം തോന്നി. തന്റെ ഊഴം വരുന്നതുവരെ കാത്തു നിൽക്കാനുളള സഹനശക്തി ആ യുവഹൃദത്തിനില്ലായിരുന്നു . മനസ്സിനെ തന്റെ ആരോഗ്യമുളള ശരീരം പിൻതുണച്ചപ്പോൾ തന്റെ മുന്നിലെ ക്യൂവിനെ കീറിമുറിച്ചു കൊണ്ടവൻ ലക്ഷ്യത്തിലേയ്ക്ക് കുതിച്ചു, അശക്തമായ എതിർ സ്വരങ്ങളെ അവജ്ഞയോടെ അവഗണിച്ചു. അപ്പോൾ അവന്റെ മനസ്സിൽ മുഴങ്ങുന്നുണ്ടായിരുന്നു 'മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം'. 
പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്ത നമ്മുടെ നായകൻ മദ്യം വിതരണം ചെയ്യുന്ന ഇരുമ്പ് കൂടിനു മുന്നിലെത്തി. ഒരു കൈ മാത്രം കടത്താൻ കഴിയുന്ന കൗണ്ടറിൽ മറ്റൊരാളുടെ കൈ ഉണ്ടായിരിക്കെ തന്റെ ബലിഷ്ടമായ കൈ തളളിക്കേറ്റി , തന്റെ ഇഷ്ടപാനീയങ്ങൾക്കായി ഓഡർ നൽകി , വാങ്ങി. ആഹ്ലാദതുന്തിലനായി മദ്യകുപ്പികളും മാറോട് ചേർത്ത് തന്റെ കൂട്ടുകാരോടൊപ്പം അവിടെ നിന്നും നിഷ്ക്രമിച്ചു. സ്വകാര്യ സ്ഫലികളിലെവിടെയോ വച്ച് അയാൾ തന്റെ ആത്മാവിന്റെ ദാഹം തീർത്ത് മയങ്ങിക്കിടന്നു. ബോധമണ്ഡലങ്ങളിലേയ്ക്കുളള മടങ്ങി വരവിൽ അമ്മയുടെ ശകാരത്തിൽ നിന്നും അയാൾ മനസ്സിലാക്കി നാല് പവനോളം വരുന്ന തന്റെ സ്വർണ കൈച്ചങ്ങല നഷ്ടപ്പെട്ടു എന്ന്.
കസ്റ്റമർ കെയറിൽ ഒന്നാം സ്ഥാനം ആഗ്രഹിക്കുന്ന മുട്ടത്തറ ബിവറേജസിലെ ജീവനക്കാർ ടി കൈച്ചങ്ങല കണ്ടെടുത്തു പൂന്തുറ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. അന്വേഷണത്തിൽ നമ്മുടെ നായകനെ കണ്ടെത്തി , ബിവറേജസ് ജീവനക്കാരനായ സൂരജിനെ കൊണ്ട് കഥാപുരുഷന് കൈച്ചങ്ങല തിരികെ നൽകി, പൊതു പ്രവർത്തകനായ പാട്രിക് മൈക്കിൾ സാക്ഷി.
ഒരു ലക്ഷം രൂപയുടെ മുതൽ തിരിച്ചു കിട്ടിയെങ്കിലും ക്യൂ തെറ്റിച്ച് അതിക്രമം കാട്ടിയതിന് ക്രൂരനായ പൂന്തുറ സബ് ഇൻസ്‌പെക്ടർ കഥാനായകനെതിരെ പെറ്റി കേസെടുത്തതിലുളള അമർഷം ശ്രീ ജഗേഷ് ഒന്ന് പിറുപിറുത്ത് പല്ല് കടിച്ചുപൊട്ടിച്ച് അമർത്തി നിർത്തി. 
ശുഭം....

Follow Us:
Download App:
  • android
  • ios