Asianet News MalayalamAsianet News Malayalam

മനോനില തെറ്റിയ മകൻ, വൃക്കരോഗിയായ ഭാര്യ, എന്ത് ചെയ്യണമെന്നറിയാതെ രോഗിയായ പിതാവ്; സഹായം തേടുന്നു

പഞ്ചായത്തില്‍ നിന്ന് അനുവദിച്ച വീട്ടില്‍, പരസ്പരം ഒരു ആശ്വാസവാക്ക് പറയാന്‍ പോലുമാരുമില്ലാതെ മൂന്നുപേരും ജീവിതം തള്ളി നീക്കുന്നു. 

poor family seeking for help
Author
Thiruvananthapuram, First Published Apr 28, 2021, 4:17 PM IST

തിരുവനന്തപുരം: രോഗ കിടക്കയിലും മനോനില തെറ്റിയ മകനെ ഓർത്ത് നീറി കണ്ണീര് വറ്റി ഒരമ്മ, നിസ്സഹായാവസ്ഥയിൽ ഉള്ള് പിടഞ്ഞ് രോഗിയായ ഒരു  പിതാവ്. ഇതാണ് കുറ്റിച്ചൽ കൊടുക്കറ ഷിബു ഭവനിൽ ഷിബുവും ഭാര്യ സുശീലയും മകനുമടങ്ങുന്ന കുടുംബത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ. പ്ലസ്ടു വരെ പഠിച്ച ഷാജന്‍, സാധാരണ കുട്ടികളെ പോലെ തന്നെയായിരുന്നു. ഇടയ്ക്കെപ്പോഴോ അവന്‍ അക്രമ സ്വഭാവം കാണിച്ചു തുടങ്ങി. കണ്ണില്‍ കാണുന്നതെല്ലാം പൊട്ടിക്കും ആളുകളെ അക്രമിക്കും. അപൂര്‍വ്വമായാണെങ്കില്‍ പോലും അക്രമ സ്വഭാവം കാണിക്കുന്നതിനാല്‍ ഷാജന്‍, വീട്ടിലെ മുറിയില്‍ നിന്ന് പുറത്തിറങ്ങാറില്ല. 

പഞ്ചായത്തില്‍ നിന്ന് അനുവദിച്ച വീട്ടില്‍, പരസ്പരം ഒരു ആശ്വാസവാക്ക് പറയാന്‍ പോലുമാരുമില്ലാതെ മൂന്നുപേരും ജീവിതം തള്ളി നീക്കുന്നു. കുടുംബത്തില്‍ ആര്‍ക്കും ജോലിയില്ല. ഷിബുവായിരുന്നു വീടിന്‍റെ അത്താണി. ടാപ്പിങ്ങ് തോഴിലും മറ്റ് ചില്ലറ ജോലികളൊക്കെ നോക്കി കുടുംബം പുലര്‍ത്തുന്നതിനിടെ രണ്ടാമത്തെ പ്രസവത്തോടെയുണ്ടായ രക്ത സമ്മർദവും പ്രമേഹവും ക്രമേണ സുശീലയുടെ വൃക്കകൾ തകരാറിലാക്കി. ശ്വാസ തടസ്സവും, ഛർദിയും, തലകറക്കവും, ക്ഷീണവും പതിവായി. നെടുമങ്ങാട് ആശുപത്രിയിലും തുടർന്ന് ജനറൽ ആശുപത്രിയിലും ചികിത്സിച്ചു. അതിനിടെ മകളുടെ വിവാഹം നടത്തി. നിര്‍ധനാവസ്ഥയിലായതിനാല്‍ മകള്‍ക്ക് അച്ഛന്‍റെയോ അമ്മയുടെയോ സഹോദരന്‍റെയോ കാര്യങ്ങള്‍ നോക്കാന്‍ കഴിയുന്നില്ല. 

കൊവിഡ്  വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണം ഇരുവരുടെയും ചികിത്സയിൽ മുടക്കം വരുത്തി. ഇതോടെ സുശീലയുടെ അസുഖം അധികരിച്ച് ചികിത്സ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇപ്പോള്‍ തമ്പാന്നൂരിലെ ഇന്ത്യന്‍ ഹോസ്പിറ്റലിൽ ഡയാലിസിസ് നടത്തുന്നു. ആഴ്ചയിൽ മരുന്നിനും ചികിത്സയ്ക്കും ഡയാലിസിസിനുമായി 20,000 രൂപയ്ക്ക് മുകളിലാവും.  പിന്നെ ഷാജന്‍റെ ചികിത്സ, വീട്ട് ചിലവുകൾ...  

ഷിബുവിന്‍റെ ചികിത്സയ്ക്കായി തയ്യാറെടുക്കുമ്പോഴാണ് സുശീലയുടെ ശാരീരികാവസ്ഥയാകെ താളം തെറ്റിയത്. ഇതോടെ അമ്മയെയും മകനെയും നോക്കാന്‍ ഷിബുവിന് ടാപ്പിങ്ങ് ഉപേക്ഷിക്കേണ്ടിവന്നു. ഇരുവരുടെയും പ്രാഥമിക കാര്യങ്ങളടക്കം വീട്ടിലെ ജോലികളെല്ലാം ഷിബുവിന്‍റെ ചുമതലയായി. പഠിക്കാൻ മിടുക്കനായിരുന്നെങ്കിലും പെട്ടെന്ന് പ്രകോപിതനാകാന്‍ തുടങ്ങിയതോടെ ഷാജന്‍റെ പഠനം മുടങ്ങിയിരുന്നു. ഷിബുവിനെ അന്വേഷിച്ച് കൂട്ടുകാരെത്തിയതോടെയാണ് ഇവരുടെ ദുരിതം പുറം ലോകമറിഞ്ഞത്. സുഹൃത്തുക്കള്‍ സഹായഹസ്തവമായെത്തിയത് കുടുംബത്തിന് തെല്ലൊരാശ്വാസമായി. കൊവിഡ് വീണ്ടും കടുത്തതോടെ മൂന്നുപേരുടെയും ചികിത്സാ ചെലവുകള്‍ കണ്ടെത്തെല്‍ ഏറെ ദുരിതമായി. ഇവരുടെ കുടുംബത്തിന് നിങ്ങളുടെ സഹായം കൈത്താങ്ങാകുമെങ്കില്‍ കുടുംബത്തെ നേരിട്ട് കണ്ടോ അന്വേഷിച്ചോ സഹായിക്കാം. 

ഷിബുവിന്‍റെ ഫോണ്‍ നമ്പര്‍ : 9746826558 / 8129103457
ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ :

Shibu
account number : 65292038980
IFSC SBI002676

Follow Us:
Download App:
  • android
  • ios