കല്‍പ്പറ്റ: മുള്ളന്‍പന്നിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തി ഇറച്ചി ശേഖരിച്ചെന്ന കേസില്‍ രണ്ട് പേരെ വനംവകുപ്പ് പിടികൂടി. ചിറ്റേരിക്കല്‍ വീട്ടില്‍ സി.എന്‍. അജി (34), ലക്കിടി മേലെപിടിയത്ത് വീട്ടില്‍ എം.പി. ഷെരീഫ് (37) എന്നിവരാണ് പിടിയിലായത്. കാറുമായി കടന്നുകളഞ്ഞ പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കാറില്‍ വരികയായിരുന്ന സംഘം റോഡില്‍ കണ്ട മുള്ളന്‍പന്നിയെ വാഹനമിടിപ്പിക്കുകയായിരുന്നു.

കൊന്ന ശേഷം മറ്റൊരിടത്ത് കൊണ്ടുപോയി ഇറച്ചിയെടുത്തു. ഇത് കാറില്‍ കടത്തുന്നതിനിടെ വ്യാഴാഴ്ച പുലര്‍ച്ചെ പിടിയിലാകുകയായിരുന്നു. കല്‍പ്പറ്റ റേഞ്ചിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധാഴ്ച അര്‍ധരാത്രി മുതല്‍ തന്നെ പരിശോധന ആരംഭിച്ചിരുന്നു. 

അഞ്ച് കിലോയ്ക്ക് അടുത്ത് ഇറച്ചിയും വാഹനത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പരിശോധനക്കിടെ മറ്റുപ്രതികള്‍ കാറുമായി രക്ഷപ്പെട്ടു. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെ. ബാബുരാജ് പറഞ്ഞു. കല്‍പ്പറ്റ റേഞ്ച് ഉദ്യോഗസ്ഥരും പരിശോധനസംഘത്തിലുണ്ടായിരുന്നു. ഷെരീഫിനെയും അജിയേയും കോടതി റിമാന്റ് ചെയ്തു.