കുന്നംകുളത്ത് കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രി ജീവനക്കാരനും ചുമട്ടുതൊഴിലാളിയും അറസ്റ്റിലായി.
തൃശൂർ: കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് കുന്നംകുളത്ത് ചുമട്ടുതൊഴിലാളിയും ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനും അറസ്റ്റിൽ. കുന്നംകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ അടുപ്പുട്ടി ഉരുളിക്കുന്ന് കാക്കശേരി വീട്ടിൽ ബെർലിൻ (27), ടൗണിലെ ചുമട്ടുതൊഴിലാളിയായ അടുപ്പുട്ടി ശാന്തിനഗർ പാക്കത്ത് വീട്ടിൽ അജിത് കുമാർ (35) എന്നിവരെയാണ് ഗുരുവായൂർ സബ് ഡിവിഷൻ ഡാൻസാഫ് പൊലീസ് അറസ്റ്റ് ചെയ്തത്.
വടക്കാഞ്ചേരി റോഡിലെ ലോട്ടസ് പാലസ് ഓഡിറ്റോറിയത്തിന് മുൻവശത്തുനിന്ന് വൈകിട്ടോടെയാണ് 1.150 കിലോ കഞ്ചാവ് സഹിതം ഇവരെ പിടികൂടിയത്. ലഹരി വിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് കഞ്ചാവ് വിൽപനയ്ക്കായി നിന്നിരുന്ന ഇരുവരെയും എസ്.ഐ. ബാബു രാജൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം പിടികൂടിയത്. കുറച്ചുകാലമായി ഇരുവരും കഞ്ചാവ് വിൽപനയുടെ ഇടനിലക്കാരായി പ്രവർത്തിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.