Asianet News MalayalamAsianet News Malayalam

സ്ഥാപനത്തിനുള്ളില്‍ ഉടമയും ജീവനക്കാരിയും മരിച്ച സംഭവം; കാരണം വ്യക്തമാക്കി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഞായറാഴ്ച സ്ഥാപനത്തിലെത്തിയ ഇരുവരും ഷട്ടര്‍ ഉള്ളില്‍ നിന്ന് പൂട്ടുകയും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്

postmortem report on the death of owner and employee within the institution
Author
Trissur, First Published Mar 13, 2019, 5:15 PM IST

തൃശൂര്‍: ശക്തന്‍ സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച സ്ഥാപനത്തിനുള്ളില്‍ ഉടമയും ജീവനക്കാരിയും മരിക്കാനിടയായത് കാര്‍ബണ്‍മോണോക്‌സൈഡ് ശ്വസിച്ചതു കൊണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം കണ്ടെത്തല്‍. ശക്തന്‍നഗറിലെ ഷമീന കോംപ്ലക്‌സിലെ റോയല്‍ ഡെന്റല്‍ സ്റ്റുഡിയോ ഉടമ വടക്കാഞ്ചേരി മുള്ളൂര്‍ക്കര സ്വദേശി ബിനു (32), ജീവനക്കാരി ഗോവ സ്വദേശി പൂജ (20) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥാപന മുറിക്കുള്ളില്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിക്കാനിടയായിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഞായറാഴ്ച സ്ഥാപനത്തിലെത്തിയ ഇരുവരും ഷട്ടര്‍ ഉള്ളില്‍ നിന്ന് പൂട്ടുകയും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ജനറേറ്റര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചതു മൂലമുള്ള വിഷപ്പുകയുടെ ഗന്ധം സ്ഥലം പരിശോധിച്ച പൊലീസും, ഫോറന്‍സിക് വിഭാഗവും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതിെന്റ സ്ഥിരീകരണമുണ്ടാവുന്നത്.

കാര്‍ബണ്‍ മോണോക്‌സൈഡ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡും സമ്മിശ്രമായി അന്തരീക്ഷത്തില്‍ കലര്‍ന്നത് ഇരുവരും ശ്വസിച്ചിട്ടുണ്ട്. അതിവേഗത്തില്‍ ഇവക്ക് ശരീരത്തില്‍ പ്രവേശിച്ച് നാഡീമിഡിപ്പുകളെ സ്തംഭിപ്പിക്കാനും മരണത്തിന് ഇടയാക്കാനും കഴിയുമെന്ന് ഫോറന്‍സിക് സര്‍ജന്‍ ഡോ ഹിതേഷ് ശങ്കര്‍ പറഞ്ഞു. ഡോ.ഹിതേഷ് ശങ്കറിന്‍റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തെളിവെടുത്തു. മുറിക്കുള്ളില്‍ നിന്ന് വായു പുറത്തേക്ക് പോവാന്‍ കഴിയുന്ന സാഹചര്യമുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. 

സമാന സാഹചര്യം തന്നെയാണ് കെട്ടിടത്തിലെ മറ്റ് മുറികള്‍ക്കമുള്ളതെന്നും പരിശോധനയില്‍ അറിഞ്ഞു. അഗ്‌നി, മലിനീകരണ നിയന്ത്രണ ബോര്‍ഡുകളും നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്നും തെളിഞ്ഞു. അടച്ചിട്ട മുറിയില്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് കെട്ടിട സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഫോറന്‍സിക് സര്‍ജന്‍ മേയര്‍ക്കും, പൊലീസിനും നിര്‍ദ്ദേശം നല്‍കി. മാസങ്ങള്‍ക്കു മുമ്പ് പോസ്‌റ്റോഫീസ് റോഡിലെ സ്ഥാപനത്തിനുള്ളിലും സമാനമായ സാഹചര്യത്തില്‍ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios