കാക്കനാട് ബോർസ്റ്റൽ സ്കൂളിൽ നിന്ന് സിസിടിവി പ്രവർത്തനരഹിതമാക്കി ചാടിപ്പോയ രണ്ട് റിമാൻഡ് തടവുകാരെ മണിക്കൂറുകൾക്കകം ആലുവയിൽ നിന്ന് പിടികൂടി. അടിപിടി, കഞ്ചാവ് കേസുകളിലെ പ്രതികളെയാണ് ജയിൽ ഉദ്യോഗസ്ഥർ രാത്രിയോടെ പിടികൂടിയത്.

കാക്കനാട്: ജില്ലാ ജയിലിനോട് അനുബന്ധിച്ച് യുവ തടവുകാരെ താമസിപ്പിക്കുന്ന ബോർസ്റ്റൽ സ്കൂളിൽ നിന്ന് ചാടിപ്പോയ രണ്ട് റിമാൻഡ് തടവുകാരെ ജയിൽ ഉദ്യോഗസ്ഥർ രാത്രി ആലുവയിൽ നിന്ന് പിടികൂടി. അടിപിടി, കത്തിക്കുത്ത് കേസുകളിൽ പ്രതികളായ മുഹമ്മദ് ഫസൽ (20), കഞ്ചാവ് കേസിലെ പ്രതി സ്റ്റേജിൻ (18) എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ രക്ഷപ്പെട്ടത്.

സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കാൻ വൈദ്യുതി വിച്ഛേദിച്ച ശേഷമാണ് ഇരുവരും മതിൽ ചാടിയത്. തടവുകാരെ ജോലിക്കായി പുറത്തിറക്കിയ സമയമായിരുന്നു സംഭവം. ഇവർ കയറിയ ഓട്ടോറിക്ഷ കണ്ടെത്തിയതോടെ ആലുവയിലേക്കാണ് പോയതെന്ന് വിവരം ലഭിച്ചു.

ജില്ലയിലെയും സമീപ ജില്ലകളിലെയും ജയിൽ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ രാത്രി എട്ടരയോടെ ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഫസലിനെ ആദ്യം പിടികൂടി. വൈകാതെ സമീപത്ത് നിന്ന് സ്റ്റേജിനെയും പിടികൂടി. ഇരുവരെയും ആലുവ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കിയ ശേഷം രാത്രി 10 മണിയോടെ ബോർസ്റ്റൽ സ്കൂളിലേക്ക് തിരികെ എത്തിച്ചു.