പുന്നപ്ര: മത്സരിക്കുന്നത് ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്തിലേക്കാണെങ്കിലും പിപി ആന്‍റണിക്കായി വോട്ട് പിടിക്കാന്‍ പഞ്ചായത്തിലെ ആളുകള്‍ മാത്രമല്ല ഉള്ളത്. സമൂഹമാധ്യമങ്ങളിലൂടെ സജീവമായാണ് സഖാവ് പിപി ആന്‍റണിക്ക് വേണ്ടിയുളള വോട്ട് പിടുത്തം. സോറിയാസിസ് രോഗത്തിന്‍റെ ബുദ്ധിമുട്ടുകള്‍ അവഗണിച്ച് ആന്‍റണിയും പ്രചാരണത്തില്‍ സജീവമാണ്.

No description available.

സംസ്ഥാനത്തെ നിരവധി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുമ്പോള്‍ അതില്‍ ട്രെന്‍ഡിംഗ് ആണ് പിപി ആന്‍റണിയുടെ പോസ്റ്റര്‍. പുന്നപ്ര തെക്ക് പഞ്ചായത്തിലെ 11 വാർ‍ഡ് സ്ഥാനാർത്ഥിക്കായി ദേശാന്തരങ്ങൾ കടന്നും ആളുകൾ വോട്ടു തേടുന്നതിന് കാരണം നിരവധിയാണ്. പുന്നപ്ര തെക്ക് പഞ്ചായത്തിലെ 11 വാർ‍ഡിലാണ് ആന്‍റണി മത്സരിക്കുന്നത്.

No description available.

2005 ൽ പഞ്ചായത്ത് മെമ്പർ. 2010 ൽ പുന്നപ്ര തെക്ക് പഞ്ചായത്തിന്‍റെ പ്രസിഡന്‍റ്. നിലവിൽ സിപിഎം ലോക്കൽ സെക്രട്ടറിയാണ് പിപി ആന്‍റണി. സോറിയാസിസ് രോഗിയായ ആന്‍റണിയുടെ ചിത്രമാണ് പോസ്റ്റര്‍ വൈറലാകാന്‍ കാരണം. കൊവിഡ് പ്രൊട്ടോക്കോളും സാമൂഹ്യഅകലവുമെല്ലാം പാലിക്കേണ്ടതിനാലാണ് പോസ്റ്റര്‍ പ്രചാരണത്തിന് പ്രഥമ പരിഗണന നല്‍കിയതെന്ന് ആന്‍റണിയും പറയുന്നു. കനത്ത ചൂടും കൂടുതല്‍ തണുപ്പും താങ്ങാന്‍ ആന്‍റണിയുടെ രോഗാവസ്ഥ അനുവദിക്കില്ല.

No description available.

ചികിത്സയുള്ള രോഗമാണെങ്കിലും പൊതുപ്രവര്‍ത്തനത്തിന് പ്രാഥമിക പരിഗണനയായതിനാല്‍ ചികിത്സ നടന്നിട്ടില്ല. പൊതുപ്രവര്‍ത്തനമാണ് തന്‍റെ മരുന്നെന്നാണ് ആന്‍റണിയുടെ പക്ഷം. മത്സ്യതൊഴിലാളി കുടുംബത്തിലാണ് ജനിച്ചത്. 42 കാരനായ ആന്‍റണിക്ക് കൂട്ടായി അമ്മ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ സുഹൃത്തുക്കളും നാട്ടുകാരും ദേശാന്തരങ്ങൾ കടന്നും സഖാവ് ആന്‍റണിയ്ക്കായി വോട്ട് തേടുകയാണ്. 

No description available.