പെരിന്തൽമണ്ണ ഏലംകുളത്ത് ഭാര്യയെ യുവാവ് കഴുത്ത് ഞെരിച്ചു കൊന്നതിന്റെ ഞെട്ടലിലാണ് യുവതിയുടെ ബന്ധുക്കളും പ്രദേശവാസികളും
മലപ്പുറം: പെരിന്തൽമണ്ണ ഏലംകുളത്ത് ഭാര്യയെ യുവാവ് കഴുത്ത് ഞെരിച്ചു കൊന്നതിന്റെ ഞെട്ടലിലാണ് യുവതിയുടെ ബന്ധുക്കളും പ്രദേശവാസികളും. ഏലംകുളം ബാലകൃഷ്ണ സ്മാരക വായനശാലക്ക് സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്(30) ആണ് കൊല്ലപ്പെട്ടത്. ഏലംകുളത്തെ അമ്പാട്ടക്കുന്ന് കണ്ടത്തിന്നടുത്താണ് സംഭവം. കൈയും കാലും കൂട്ടി കെട്ടി വായയിൽ തുണി തിരുകിയായിരുന്നു ക്രൂരമായ കൊലപാതകം നടത്തിയത്.
ശനിയാഴ്ച പുലർച്ചയാണ് ഫാത്തിമ ഫഹ് നയെ വായയിൽ തുണി തിരുകി ഭർത്താവ് പാറപ്പുറയൻ മുഹമ്മദ് റഫീഖ് ( 35 ) കൊലപ്പെടുത്തിയത്. വ്രതാനുഷ്ടാനത്തിനായി പുലർച്ച ഭക്ഷണം തയാറാക്കാനായി എഴുന്നേറ്റ യുവതിയുടെ മാതാവ് നബീസ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകൾ തുറന്നുകിടക്കുന്നത് കണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് കട്ടിലിന് സമീപം ഫഹ്ന നിലത്ത് കിടക്കുന്നത് കണ്ടത്. തുടർന്ന് കുഞ്ഞലവിയെയും കുറച്ചകലെയുള്ള നഫീസയുടെ സഹോദരൻ ചിറത്തൊടി ഹുസൈനെയും വിവരം അറിയിക്കുകയായിരുന്നു.
അഞ്ച് വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. നാല് വയസ്സുള്ള ഫിദ എന്ന ഏക മോളും ഇവർക്കുണ്ട്. ഈ സംഭവത്തിന്ന് മുമ്പ് ഇവർ തമ്മിൽ കാര്യമായ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാകാറില്ലന്നാണ് അറിയുന്നത്. പിന്നെ എന്തിനാണ് ഈ ക്രൂര കൃത്യം നടത്തിയെതെന്ന് നാട്ടുകാർക്ക് പോലും അറിയില്ല. കൊപ്പം, പെരിന്തൽമണ്ണ ഭാഗങ്ങളിലെ ബേക്കറികളിൽ ഷവർമ്മ ജോലിക്കാരനായ റഫീഖ് രാത്രി വന്ന് ഭക്ഷണം കഴിക്കും കിടക്കും. പതിവുപോലെ റഫീഖ് ശനിയാഴ്ചയും വന്ന് കിടക്കുകയുമാണ് ഉണ്ടായത്.
Read more: പെരിന്തൽമണ്ണയിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി: ഭർത്താവ് അറസ്റ്റിൽ
തൊട്ടടുത്ത മുറിയിൽ ഉമ്മ നബീസയും മറ്റും കിടക്കുന്നുണ്ടങ്കിലും ഫാനിന്റെ ശബ്ദം കാരണം ഈ മുറിയിലെ സംഭവങ്ങളുടെ ശബ്ദമൊന്നും കേൾക്കാനായില്ലെന്നും പറയുന്നു. സംഭവം കഴിഞ്ഞതും വസ്ത്രങ്ങളെല്ലാം എടുത്ത് ഓട്ടോറിക്ഷയിൽ പെരിന്തൽമണ്ണയിലെത്തിയ റഫീഖ് പിന്നീട് മണ്ണാർക്കാട്ടെത്തുകയായിരുന്നു. മണ്ണാർക്കാട് പോലീസിന്റെ സഹായത്തോടെ പെരിന്തൽമണ്ണ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്തു വരുകയുമാണ്. മരണപ്പെട്ട ഫഹ്‌നയുടെ വീട്ടിലെ തെളിവെടുപ്പിനും പോലീസ് ഇൻക്വസ്റ്റിന്നും ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
