കാഞ്ഞങ്ങാട് ചിരക്കരയിലെ താഴത്ത് വീട്ടിൽ പ്രഭാകരന് വീട്ടിലെ ഫ്രിഡ്ജ് കോഴിമുട്ട കേടാകാതെ സൂക്ഷിക്കാൻ മാത്രമുള്ളതല്ല. കോഴികുഞ്ഞിനെ വിരിയിക്കാൻ കൂടിയുള്ളതാണ്. ഫ്രിഡ്ജിൽ രൂപപ്പെടുത്തിയെടുത്ത ഇൻക്യുബേറ്ററിലാണ് പ്രഭാകരൻ 50 നാടൻ കോഴിമുട്ടകള്‍ ഇങ്ങനെ വിരിയിച്ചിരിക്കുന്നത്‌.

കാസർകോട് : കാഞ്ഞങ്ങാട് ചിരക്കരയിലെ താഴത്ത് വീട്ടിൽ പ്രഭാകരന് വീട്ടിലെ ഫ്രിഡ്ജ് കോഴിമുട്ട കേടാകാതെ സൂക്ഷിക്കാൻ മാത്രമുള്ളതല്ല. കോഴികുഞ്ഞിനെ വിരിയിക്കാൻ കൂടിയുള്ളതാണ്. ഫ്രിഡ്ജിൽ രൂപപ്പെടുത്തിയെടുത്ത ഇൻക്യുബേറ്ററിലാണ് പ്രഭാകരൻ 50 നാടൻ കോഴിമുട്ടകള്‍ ഇങ്ങനെ വിരിയിച്ചിരിക്കുന്നത്‌.

വീട്ടിൽ നാടൻ കോഴികളെ വളർത്തുന്ന പ്രഭാകരന് മുട്ട വിരിയിക്കാൻ ഒരു ഇൻക്യുബേറ്റർ ആവശ്യമായിവന്നു. ഇതിനായി അന്വേഷിച്ചപ്പോഴാണ് 50 മുട്ട വിരിയിക്കാനുള്ള ഇൻക്യുബേറ്ററിന് 14,000 രൂപ വിലവരുമെന്നറിയുന്നത്. തുടർന്നാണ് സ്വന്തമായി ഇന്‍ക്യുബേറ്റർ നിർമ്മിക്കാന്‍ തിരുമാനിച്ചത്. 

ഇതിനായി അലൂമനീയംപെട്ടി, തെർമോകോൾ പെട്ടി എന്നിവ ഉപയോഗച്ച് പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല. ഇതിനിടയിലാണ് ഫ്രിഡ്ജിൽ പരീക്ഷണങ്ങള്‍ തുടരുന്നതിനെകുറിച്ച് ആലോചിച്ചത്. ഫ്രിഡ്ജിൽ തണുപ്പ് നിലനിർത്തുന്നത് പോലെ എന്ത് കൊണ്ട് ചൂട് നില നിർത്തിക്കൂടെന്ന ചിന്ത പുതിയ ആശയത്തിന് വഴിവച്ചു. 

ഇതിനായി 250 രൂപ നൽകി ആക്രികടയിൽ നിന്നും ഒരു സെക്കൻഡ് ഫ്രിഡ്ജ് വാങ്ങി. ഇതിന്‍റെ ഫ്രീസർ അടക്കമുള്ള ഭാഗങ്ങൾ മാറ്റി തട്ടുകൾ ഘടിപ്പിച്ചു. ഇതിൽ 100 വാട്ടിന്‍റെ ബൾബും ഘടിപ്പിച്ചു. കൂടാതെ ചൂട് നിയന്ത്രിക്കാൻ സെൻസറോടു കൂടിയ ഫാനും വച്ചു. 37.8 ഡിഗ്രി ചൂടാണ് മുട്ട വിരിയാൻ വേണ്ടത്. പ്രഭാകരൻ പരീക്ഷണഘട്ടത്തിൽ അമ്പത് മുട്ടകളാണ് പരീക്ഷിച്ചത്. 28 -ാം ദിവസം ഇവ മുഴുവനും വിരിഞ്ഞു. തന്‍റെ ഇൻക്യുബേറ്ററിൽ 150 -ളം മുട്ട ഒരേ സമയം വിരിയിക്കാമെന്ന് പ്രഭാകരൻ സാക്ഷ്യപ്പെടുത്തുന്നു.

കുറഞ്ഞ വൈദ്യുതി മാത്രമേ ഇതിനാവശ്യമുള്ളൂ. മൊത്തം 2500 രൂപയാണ്‌ ഇൻക്യുബേറ്ററിന് ചെലവ്. കുത്തക കമ്പനികളുടെ ചൂഷണത്തിൽ നിന്നും കോഴി ഫാംകാരെ രക്ഷിക്കുന്നതോടൊപ്പം ഇ-വെയിസ്റ്റ് ഒഴിവാക്കുന്നതിനും തന്‍റെ ഉദ്യമം സഹായിക്കുമെന്നും ഇതിനായി കുടുബശ്രീകൾ, പുരുഷ സ്വയം സഹായ സംഘങ്ങൾ, മറ്റു തൊഴിൽ സംരംഭകർ എന്നിവരെ സഹായിക്കാൻ തയ്യാറാണെന്നും പ്രഭാകരൻ ഏഷ്യാ നെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.

ചക്ക പഴത്തിന് ചിക്കൻ, മട്ടൻ കറിയുടെ രുചി നൽകുന്നതിനുള്ള പരീക്ഷണത്തിലാണ് ഇപ്പോള്‍ പ്രഭാകരന്‍. തികച്ചുംപ്രകൃതി ദത്തമായ വസ്തുക്കളാണ് ഇതിന് ഉപയോഗിക്കുന്നതെന്ന് കാഞ്ഞങ്ങാട്ട് ട്യൂഷൻ സെന്‍റർ നടത്തുന്ന ബി.എഡ്.ബിരുദധാരികൂടിയായ പ്രഭാകരൻ പറഞ്ഞു.