വഞ്ചിയൂര്‍: തിരുവനന്തപുരം പാല്‍ക്കുളങ്ങരയില്‍ ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നു. പാല്‍ക്കുളങ്ങരയില്‍ ക്ലബ്ബായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് പൂച്ചയെ കെട്ടിത്തൂക്കി കൊന്നത്. ക്ലബ്ബിലെത്തുന്നവര്‍ മദ്യപിച്ച ശേഷം പൂച്ചയെ കൊല്ലുകയായിരുന്നെന്നാണ് ആരോപണം. മൃഗാവകാശ പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പൂച്ചയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചെന്ന് പൊലീസ് വ്യക്തമാക്കി. 

കഴിഞ്ഞ ദിവസമാണ് സംഭവം. മദ്യപാനവും ചീട്ടുകളിയും ക്ലബ്ബില്‍ പതിവായിരുന്നു. ഇതിനായി ഇവിടെയെത്തിയവര്‍ കഴിഞ്ഞ ദിവസമാണ് പൂച്ചയെ കൊന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മൃഗാവകാശ പ്രവര്‍ത്തക പാര്‍വ്വതി മോഹനാണ് സംഭവം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. പൊലീസിനെ വിവരമറിയിച്ചെങ്കിലും ആദ്യം കേസെടുക്കാന്‍ തയ്യാറായില്ലെന്ന് പാര്‍വ്വതി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. 

തെരുവ് നായയും പൂച്ചയും സൃഷ്ടിക്കുന്ന ശല്യത്തേക്കുറിച്ച് മാത്രം സംസാരിക്കുന്നവര്‍ ഇത്തരം ദാരുണ സംഭവങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് പൂച്ചയുടെ ചിത്രത്തോടൊപ്പമാണ് പാര്‍വ്വതി മോഹന്‍ വിഷയം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇത്തരം ദുഷ്പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ അവരുടെ സന്തോഷത്തിനായി എന്തും ചെയ്യാന്‍ മടിക്കില്ലെന്നും പാര്‍വ്വതി ആരോപിക്കുന്നു. സംഭവത്തിന് ഉത്തരവാദികള്‍ ആയവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും പാര്‍വ്വതി വ്യക്തമാക്കി. 

മൃഗാവകാശ പ്രവര്‍ത്തകരായ ലത ഇന്ദിര, പാര്‍വ്വതി മോഹന്‍ എന്നിവരുടെ പരാതിയില്‍ കേസെടുത്തെന്ന് വഞ്ചിയൂര്‍ പൊലീസ് വ്യക്തമാക്കി. സെക്ഷന്‍ 429 പ്രകാരം മൃഗങ്ങളെ ഉപദ്രവിക്കുകയും, കൊല്ലുകയും ചെയ്തതിനും. സെക്ഷന്‍ 268 പ്രകാരം പൊതുശല്യത്തിനുമാണ് കേസെടുത്തിരിക്കുന്നത്.