താലൂക്ക് ആശുപത്രിയിലേക്ക് ഗർഭിണിയെയുംകൊണ്ട് ആംബുലൻസ്; എത്തുന്നതിന് തൊട്ടുമുമ്പ് പ്രസവം, അമ്മയും കുഞ്ഞും സുഖം
ആശുപത്രിയിലെത്തുന്നതിന് തൊട്ടുമുമ്പ് യുവതി ആംബുലൻസിൽ പ്രസവിച്ചു

കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ആദിവാസി യുവതി കുഞ്ഞിന് ജന്മം നൽകി. കോടഞ്ചേരി പാത്തിപ്പാറ കോളനിയിലെ 21 കാരിയാണ് ആംബുലൻസിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ വിവരം ആശാ വർക്കർ അറിയിച്ചു. തുടർന്ന് ആശാ വർക്കർ കനിവ് 108 ആംബുലൻസ് സേവനം തേടിയത്. തുടർന്ന് കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് സുനീഷ് ടി.ആർ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജസ്റ്റിൻ ജോൺ എന്നിവർ കോളനിയിൽ എത്തി യുവതിയുമായി താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു.
ആംബുലൻസ് ആശുപത്രിയിൽ എത്താറാകുമ്പോഴേക്കും യുവതിയുടെ ആരോഗ്യ നില വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജസ്റ്റിൻ ജോണിന്റെ പരിചരണത്തിൽ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഇതിനിടയിൽ ആംബുലൻസ് പൈലറ്റ് സുനീഷ് ആംബുലൻസ് ആശുപത്രയിൽ എത്തിച്ചിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ എത്തി അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ആശുപത്രിക്ക് ഉള്ളിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം, വീട്ടിലെ കുളിമുറിയിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി നല്ലളം പൊലീസും കനിവ് 108 ആംബുലൻസ് ജീവനക്കാരും. കോഴിക്കോട് നല്ലളം സുരഭി ബസ് സ്റ്റോപ്പിന് സമീപം വാടകയ്ക്ക് താമസിക്കുന്ന 38 വയസുകാരിയാണ് വീട്ടിലെ കുളിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച രാത്രി 11.45നാണു സംഭവം. സംഭവം അറിഞ്ഞെത്തിയ സമീപവാസികൾ ഉടൻ വിവരം നല്ലളം പോലീസിനെ അറിയിച്ചു.
നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നല്ലളം ഗ്രേഡ് എസ്.ഐ രഘു കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി. ഒരു വീടിന്റെ മുകളിലത്തെ നിലയിൽ ആണ് യുവതിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. വീട്ടിലെ ഇടുങ്ങിയ കുളിമുറിയിൽ ആയിരുന്നു യുവതി കുഞ്ഞിന് ജന്മം നൽകിയത്. അതിനാൽ തന്നെ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി വൈദ്യസഹായം നൽകാതെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇത് മനസിലാക്കിയ എസ്.ഐ രഘു കുമാർ, ഉടൻ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം