Asianet News MalayalamAsianet News Malayalam

കൊവിഡ് 19: മൂന്നാറിലെ രോഗ ബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എസ്റ്റേറ്റ് തൊഴിലാളികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ശേഖരിച്ചു വരികയാണ്.

Preparation of contact list for covid 19 victims in Munnar
Author
Munnar, First Published Jul 9, 2020, 9:13 PM IST

ഇടുക്കി: മൂന്നാറിലെ കൊവിഡ് ബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു. തമിഴ്‌നാട്ടിലെ ശിവകാശിയില്‍ നിന്നും കഴിഞ്ഞ 28ന് നാട്ടിലേക്ക് മടങ്ങിയെത്തിയ ഒരു കുടുംബത്തിലെ നാലു പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. എഴുപതുകാരനും അറുപത്തിയഞ്ചുകാരിയുമായ ദമ്പതികള്‍ക്കു പുറമേ ഇരുപത്തിയൊന്നും പത്തൊമ്പതും വയസ്സ് പ്രായമുള്ളവര്‍ക്കാണ് പരിശോധനയില്‍ പോസിറ്റീവായത്. 

നയമക്കാടിലെ നിരീക്ഷണ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നെങ്കിലും ഇവര്‍ നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായാണ് സൂചന. കഴിഞ്ഞ മാര്‍ച്ചില്‍ മരുമകള്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഇവര്‍ ശിവകാശിയിലേക്ക് പോയത്. രാജ്യമൊന്നാകെ ലോക്ക്ഡൗണ്‍ ആയതോടെ മടങ്ങിവരാൻ സാധിക്കാതെ തമിഴ്‌നാട്ടില്‍ തന്നെ തങ്ങുകയായിരുന്നു. 

മടങ്ങിവരാനുള്ള പാസ് ലഭിച്ചതോടെയാണ് ഇവര്‍ മടങ്ങിയെത്തിയത്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശാനുസരണം ഇവരെ നയമക്കാട് എസ്റ്റേറ്റില്‍ തന്നെയുള്ള നിരീക്ഷണ കേന്ദ്രത്തില്‍ മാറ്റുകയായിരുന്നു. മരുമകളുടെ മരണവിവരം അറിയാനായി എസ്റ്റേറ്റ് തൊഴിലാളികളായ നിരവധി പേര്‍ ഇവരെ സന്ദര്‍ശിച്ചിരുന്നു. ഇവരില്‍ നിന്നും കൊവിഡ് പകരാതാരിക്കുവാനുള്ള നടപടികള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. 

ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എസ്റ്റേറ്റ് തൊഴിലാളികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ശേഖരിച്ചു വരികയാണ്. രണ്ടാഴ്ചയക്ക് മുമ്പ് തമിഴ്‌നാട്ടില്‍ മടങ്ങിയെത്തിയ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും മടങ്ങിയെത്തുന്നവരില്‍ കൊവിഡ് പോസിറ്റീവ് തെളിയുന്നത് എസ്‌റ്റേറ്റ് പ്രദേശങ്ങളില്‍ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

Follow Us:
Download App:
  • android
  • ios