പാലക്കാട് ആലത്തൂർ ഡിവൈഎസ്പി ആർ മനോജ് കുമാറാണ് രാഷ്ട്രപതി ശബരിമല ദർശനത്തെ വിമർശിച്ച് സ്റ്റാറ്റസ് ഇട്ടത്.
പാലക്കാട്: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല ദർശനത്തെ വിമർശിച്ച് ഡിവൈഎസ്പിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ്. പാലക്കാട് ആലത്തൂർ ഡിവൈഎസ്പി ആർ മനോജ് കുമാറാണ് രാഷ്ട്രപതി ശബരിമല ദർശനത്തെ വിമർശിച്ച് സ്റ്റാറ്റസ് ഇട്ടത്. ട്രെയിൻ യാത്രക്കിടെ വാട്സ്ആപ്പിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസാവുകയായിരുന്നുവെന്നാണ് ഡിവൈഎസ്പിയുടെ വിശദീകരണം.
ഹൈക്കോടതി വിധി കാറ്റിൽ പറത്തി, പലവിധ ആചാര ലംഘനങ്ങൾ നടത്തിയാണ് രാഷ്ട്രപതിയും സുരക്ഷാഉദ്യോഗസ്ഥരും ശബരിമല സന്ദർശനം നടത്തിയതെന്നായിരുന്നു വാട്സ്ആപ്പ് സ്റ്റാറ്റസിന്‍റെ ഉള്ളടക്കം. സംഘ്പരിവാറും കോൺഗ്രസും എന്തുകൊണ്ട് നാമജപയാത്ര നടത്തുന്നില്ലെന്നും പിണറായി വിജയനോ ഇടതുമന്ത്രിമാരോ ആണെങ്കിൽ എന്തായിരിക്കും പുകിലെന്നും ഡിവൈഎസ്പി ചോദിക്കുന്നു. പ്രശ്‌നം വിശ്വാസമോ ആചാരമോ അല്ലെന്നും എല്ലാം രാഷ്ട്രീയമെന്നും സ്റ്റാറ്റസിൽ വിമർശനമുണ്ട്. ട്രെയിൻ യാത്രക്കിടെ വാട്സ്ആപ്പിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസാവുകയായിരുന്നുവെന്ന് ഡിവൈഎസ്പിയുടെ വിശദീകരണം. വിവാദമായതിന് പിന്നാലെ ഡിവൈഎസ്പി സ്റ്റാറ്റസ് ഡിലീറ്റ് ചെയ്തു.
ശബരിമല ദര്‍ശനം നടത്തി രാഷ്ട്രപതി
ഇരുമുടിയെടുത്തു പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ തൊഴുത് രാഷ്ട്രപതി ദ്രൗപദി മുർമു. സന്നിധാനത്ത് തന്ത്രി പൂർണകുംഭം നൽകി രാഷ്ട്രപതിയെ സ്വീകരിച്ചു. ദർശനത്തിന് ശേഷം വൈകിട്ട് നാലുമണിക്ക് പത്തനംതിട്ടയിൽ നിന്നും ഹെലിക്കോപ്ടറിൽ തിരുവനന്തപുരത്തേക്ക് പോയി. ശബരിമലയിലെത്തുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു. രാവിലെ 8 40 ഓടെ പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിൽ എത്തിയ രാഷ്ട്രപതി റോഡ് മാർഗ്ഗം പമ്പയിലേക്ക് പോയി. പമ്പ സ്നാനത്തിന് ശേഷം കറുത്ത വസ്ത്രം അണിഞ്ഞ് ഗണപതി കോവിലിൽ നിന്ന് ഇരുമുടി നിറച്ചാണ് രാഷ്ട്രപതി സന്നിധാനത്തേക്ക് പുറപ്പെട്ടത്. പ്രത്യേക വാഹനത്തിൽ 11.45 ഓടെ ശബരിമലയിലെത്തി.
അംഗരക്ഷകൻ സൗരഭ് എസ് നായർ, പി എസ് ഒ വിനയ് മാത്തൂർ, രാഷ്ട്രപതിയുടെ മരുമകൻ ഗണേഷ് ചന്ദ്ര എന്നിവരും ഇരുമുടി കെട്ടുമായി രാഷ്ട്രപതിക്ക് ഒപ്പം ഉണ്ടായിരുന്നു. കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു. അയ്യപ്പനെ തൊഴുത് ഇരുമുടി സമർപ്പിച്ച് തീർത്ഥവും പ്രസാദവും സ്വീകരിച്ചു. ആരതി ഒഴിഞ്ഞതല്ലാതെ മറ്റ് വഴിപാടുകൾ ഒന്നും നടത്തിയില്ല. ദർശനം പൂർത്തിയാക്കി 12.45 ന് രാഷ്ട്രപതി മലയിറങ്ങി. രണ്ടരയോടെ പമ്പയിൽ നിന്ന് തിരിച്ച് പത്തനംതിട്ടയിലെത്തി ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് പോയി. വി വി ഗിരിക്ക് ശേഷം അര നൂറ്റാണ്ടിനു ഇപ്പുറം ആണ് ഒരു രാഷ്ട്രപതി ശബരിമലയിൽ എത്തുന്നത്.


