തൃശൂര്‍ ജില്ലയിലെ പൂമല പള്ളിയാണ് വിചിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയാവുന്നത്. ദേവാലയത്തില്‍ വികാരി ഫാ. ജോയ്‌സണ്‍ കോരോത്താണ് വിശ്വാസികളുടെ കൂട്ടമരണ കുര്‍ബാന ചൊല്ലിയത്.

പൂമല: ജീവിച്ചിരിക്കുന്ന ഇടവക വിശ്വാസികള്‍ക്ക് വൈദികന്‍ മരണ കുര്‍ബാന ചൊല്ലിയതിന്‍റെ 21ാം ദിവസം ആചരിച്ച് ദേവാലയ സംരക്ഷണ സമിതി. തൃശൂര്‍ ജില്ലയിലെ പൂമല പള്ളിയാണ് വിചിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയാവുന്നത്. ദേവാലയത്തില്‍ വികാരി ഫാ. ജോയ്‌സണ്‍ കോരോത്താണ് വിശ്വാസികളുടെ കൂട്ടമരണ കുര്‍ബാന ചൊല്ലിയത്. പെന്തക്കുസ്താ നാളിലായിരുന്നു ഇടവകക്കാര്‍ക്കായുള്ള കൂട്ട മരണക്കുര്‍ബാന. 

പുതിയ പള്ളി നിര്‍മ്മിച്ചതിന്‍റെ കണക്കുകള്‍ വിശ്വാസികള്‍ ആവശ്യപ്പെട്ടതും വികാരിയുടെ രീതികളോടുള്ള എതിര്‍പ്പുകളുമാണ് ഇടവകയിലെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. വികാരിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ അതിരൂപതാ ആസ്ഥാനത്തു വിശ്വാസികള്‍ സമരം നടത്തിയിരുന്നു. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താമെന്ന ഉറപ്പിലാണ് സമരത്തില്‍ നിന്നും വിശ്വാസികള്‍ പിന്മാറിയതെങ്കിലും പിന്നീട് നടപടികള്‍ ഉണ്ടായിരുന്നില്ല. വൈദികന്‍ തന്‍റെ പ്രവര്‍ത്തികളെ ന്യായീകരിച്ചും വിശ്വാസികളെ ബോധപൂർവ്വം തമ്മിലടിപ്പിക്കാൻ പരിശ്രമിച്ചും രൂപതയേയും ധിക്കരിച്ച് തുടരുന്നതില്‍ പ്രതിഷേധിച്ച്, പൂമല പള്ളിയുടെ മുന്നിൽ വിശ്വസികൾ കരിങ്കൊടി സ്ഥാപിച്ചു. തുടര്‍ നിയമ നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തിരിക്കുകയാണ്.

തുടർന്ന് ദേവാലയ സംരക്ഷണ സമിതി പ്രതിനിധിയോഗം കൂടി സ്ഥിതിഗതികൾ വിലയിരുത്തുകയും, മരണ കുർബാനയുടെ 41ആം നാൾ പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ രീതിയിൽ ആഘോഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. സിബി പതിയിൽ, ജിജോ കുര്യൻ, പി.കെ ലാളി, ജോസ് വെട്ടിക്കൊമ്പിൽ, സെബാസ്റ്റ്യൻ ജോസഫ്‌, പ്രകാശ് ജോൺ, ജോസ് പുൽക്കൂട്ടിശ്ശേരി, ജോൺസൺ പുളിയൻമാക്കൽ, പി.ജെ കുര്യൻ, പ്രസാദ് പി.ജെ, ജോജോ കുര്യൻ, പി.ജെ ആൻറണി, ജോർജ് ചിറമാലിയിൽ, സാജൻ ആരിവേലിക്കൽ, റോയ്, അനൂപ് സെബാസ്റ്റ്യൻ എന്നിവരാണ് പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നൽകുന്നത്.

കണക്ക് ചോദിച്ചു, ജീവിച്ചിരിക്കവെ വിശ്വാസികളുടെ കൂട്ടമരണ കുര്‍ബാന നടത്തി വികാരി! 'ചരമദിന' സമരവുമായി ഇടവകക്കാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം