മതസാഹോദര്യത്തിന്‍റെ മാന്നാര്‍; നബിദിന റാലിക്ക് ക്ഷേത്രനടകളില്‍ വാദ്യമേളങ്ങളോടെ സ്വീകരണം
മാന്നാർ പുത്തൻപള്ളിയിൽ നിന്നും ആരംഭിച്ച നബിദിനറാലിക്കാണ് ക്ഷേത്രങ്ങളില്‍ സ്വീകരണമൊരുക്കിയത്

മാന്നാർ: മാന്നാർ മുസ്ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തിൽ മാന്നാറിൽ നടന്ന നബിദിന റാലിക്ക് ക്ഷേത്ര നടകളിൽ സ്വീകരണം നൽകി. മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്ര നടയിലും ശ്രീകുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്ര നടയിലുമാണ് നബിദിന റാലിക്ക് സ്വീകരണം നല്‍കി മതസൗഹാര്‍ദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മാതൃകതീര്‍ത്തത്. മാന്നാർ പുത്തൻപള്ളിയിൽ നിന്നും ആരംഭിച്ച നബിദിനറാലിയെ ശ്രീകുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രനടയിൽ ക്ഷേത്ര ഭാരവാഹികളായ സജികുട്ടപ്പൻ, സജിവിശ്വനാഥൻ, രാജേന്ദ്രൻ, ഗിരീഷ്, പ്രശാന്ത്, സന്തോഷ് കുട്ടപ്പൻ എന്നിവരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.
തുടർന്ന് തൃക്കുരട്ടി ക്ഷേത്രനടയിൽ എത്തിയ നബിദിന റാലിക്ക് മാന്നാർ തൃക്കുരട്ടി ക്ഷേത്ര ഉപദേശക സമിതിയും തൃക്കുരട്ടി മഹാദേവ സേവാസമിതിയും സംയുക്തമായി സ്വീകരണം നൽകി. ഉപദേശക സമിതിക്ക് വേണ്ടി പ്രസിഡൻ്റ് കലാധരൻ കൈലാസവും സെക്രട്ടറി രാമൻതമ്പി ശബരിമഠവും സേവാസമിതിക്ക് വേണ്ടി സെക്രട്ടറി അനിരുദ്ധൻ അനിൽ, അനു, കണ്ണൻ, അരുൺകുമാർ എന്നിവർ പൊന്നാടയും ബൊക്കയും നൽകി സ്വീകരിച്ചു. മാന്നാർ പുത്തൻപള്ളി ജുമാ മസ്ജിദ് ചീഫ് ഇമാം കെ സഹലബത്ത് ദാരിമി, ജമാഅത്ത് കൗൺസിൽ ചെയർമാൻ ഹാജി ഇഖ്ബാൽകുഞ്ഞ്, ജമാഅത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കൽ, ജനറൽ സെക്രട്ടറി നവാസ് എൻ ജെ, വൈസ്പ്രസിഡന്റ് എൻ എ റഷീദ്, സെക്രട്ടറി അക്ബർ ആലുംമൂട്ടിൽ, ഖജാൻജി കെ എ സലാം കുന്നേൽ, അസിസ്റ്റന്റ് ഇമാം ഷഹീർ ബാഖവി, എൻ എ സുബൈർ എന്നിവർ നബിദിന റാലിക്ക് നേതൃത്വംനൽകി.