Asianet News MalayalamAsianet News Malayalam

കമ്മിറ്റി വിഭജനത്തിനെതിരെ പ്രതിഷേധം, സിപിഎം വാളയാർ ലോക്കൽ സമ്മേളനത്തിൽ സംഘർഷം

34 ബ്രാഞ്ച് കമ്മിറ്റികളാണ് വാളയാർ ലോക്കൽ കമ്മിറ്റിക്ക് കീഴിൽ ഉണ്ടായിരുന്നത്. അത് വാളയാർ, ചുള്ളി മട എന്നിങ്ങനെ വിഭജിക്കാനായിരുന്നു തീരുമാനം

Protest against committee split, clash at CPM Walayar local conference
Author
Palakkad, First Published Oct 28, 2021, 2:49 PM IST

സി പി എം വാളയാർ ലോക്കൽ സമ്മേളനം (CPM) സംഘർഷത്തിൽ കലാശിച്ചു. ലോക്കൽ കമ്മറ്റി വിഭജിക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണ് സംഘർഷത്തിലേക്ക് (Clash) എത്തിയത്. സമ്മേളന ഹാളിലെ കസേരകളും മേശകളും വലിച്ചെറിഞ്ഞു. ഒരു വിഭാഗം വേദിയിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി.

ഇതേത്തുടർന്ന് സമ്മേളന നടപടികൾ താത്കാലികമായി നിർത്തി വച്ചു. 34 ബ്രാഞ്ച് കമ്മിറ്റികളാണ് വാളയാർ ലോക്കൽ കമ്മിറ്റിക്ക് കീഴിൽ ഉണ്ടായിരുന്നത്. അത് വാളയാർ, ചുള്ളി മട എന്നിങ്ങനെ വിഭജിക്കാനായിരുന്നു തീരുമാനം. ചുള്ളി മടയ്ക്ക് കീഴിൽ 20 ബ്രാഞ്ച് കമ്മിറ്റികളും വാളയാറിന് കീഴിൽ 14 ബ്രാഞ്ച് കമ്മിറ്റികളുമായാണ് നിശ്ചയിച്ചത്. ഇതാണ് തർക്കത്തിലേക്കും സംഘർഷത്തിലേക്കും നയിച്ചത്.

അതേസമയം ആലപ്പുഴ തോട്ടപ്പള്ളിയിൽ സി പി എം പ്രാദേശിക നേതാവിന്‍റെ തിരോധാനത്തിൽ പാർട്ടിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ. സജീവനെ കാണാതായി ഒരുമാസം പിന്നിട്ടിട്ടും നേതൃത്വത്തിന്‍റെ മൗനം ദുരൂഹമാണെന്ന് ഭാര്യ സവിത ആരോപിച്ചു. അതിനിടെ, സജീവനെ വേഗത്തിൽ കണ്ടെത്തണം എന്നാവശ്യപ്പെട്ട് മുൻ മന്ത്രി ജി സുധാകരൻ രംഗത്തെത്തിയത് പാർട്ടി കേന്ദ്രങ്ങളിൽ ചർച്ചയായി.

സിപിഎം പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെയായിരുന്നു ബ്രാഞ്ച് അംഗവും മത്സ്യ തൊഴിലാളിയുമായ സജീവനെ കാണാതായത്. ഒരു മാസമാകുമ്പോഴും പാർട്ടി നേതാക്കൾ ആരും തിരക്കിയെത്തിയില്ല. സിപിഎമ്മിലെ വിഭാഗീയതയാണ് സജീവന്റെ തിരോധാനത്തിന് പിന്നിലെന്ന്, തുടക്കം മുതൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു.

Read More: ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ കാണാനില്ല; ദുരൂഹതയെന്ന് ബന്ധുക്കള്‍

സമ്മേളനകാലത്ത് ഔദ്യോഗിക വിഭാഗത്തിനെതിരെ നീങ്ങാതിരിക്കാൻ സജീവനെ മാറ്റിയതെന്ന ആക്ഷേപം ശക്തമാണ്. പാർട്ടി നേതൃത്വം മൗനം പാലിക്കുമ്പോൾ അന്വേഷണം വേഗത്തിൽ ആക്കണം എന്നാവശ്യപ്പെട്ട് ജി. സുധാകരൻ ജില്ലാ പൊലീസ് മേധാവിയെ കണ്ടു. പാർട്ടിയിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ജി. സുധാകരൻ വിഷയത്തിൽ ഇടപെട്ടത് ശ്രദ്ധേയമായി. ഇത് ഔദ്യോഗിക പക്ഷത്തിനെതിരായുള്ള നീക്കാമെന്നാണ് സൂചന.

അതേസമയം മറ്റൊരു ആക്ഷേപം കരിമണൽ കമ്പനിക്കെതിരെയുള്ള സംയുക്ത സമരസമിതിയുടേതാണ്. തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിരുദ്ധ സമരത്തി‌ന്‍റെ സജീവ സാനിധ്യമായിരുന്നു സജീവൻ. തിരോധാനത്തി‌ൽ കരിമണൽ കമ്പനിക്കെതിരെയാണ് സംയുക്ത സമരസമിതി ആക്ഷേപം ഉന്നയിക്കുന്നത്. വിഷയത്തില്‍ സമരസമിതി പ്രതിഷേധം ശക്തമാക്കി. 

Follow Us:
Download App:
  • android
  • ios