പത്തോളം കുടുംബങ്ങളാണ് ഇങ്ങനെ പോസ്റ്റർ പതിച്ചത്. കെ - റെയിൽ അനുകൂലികൾ ബോധവൽക്കരണത്തിനായി വരരുത് - എന്നെഴുതിയ പോസ്റ്ററാണ് പതിച്ചിരിക്കുന്നത്.
ആലപ്പുഴ: കെ റെയിൽ (K Rail) ബോധവൽക്കരണത്തിന് ആരും വരരുതെന്ന പോസ്റ്റർ ഗേറ്റിന് പുറത്ത് മതിലിൽ പതിപ്പിച്ച് കുടുംബങ്ങൾ. ബോധവൽക്കരണത്തിനായി എത്തിയ സിപിഎം (CPM) നേതാക്കളെ തിരിച്ചയച്ചതിന് പിന്നാലെയാണ് ചെങ്ങന്നൂർ (Chengannur) പുന്തല പ്രദേശത്തുകാർ ഗേറ്റിന് പുറത്ത് പോസ്റ്റർ പതിച്ചത്. പത്തോളം കുടുംബങ്ങളാണ് ഇങ്ങനെ പോസ്റ്റർ പതിച്ചത്. കെ - റെയിൽ അനുകൂലികൾ ബോധവൽക്കരണത്തിനായി വരരുത് - എന്നെഴുതിയ പോസ്റ്ററാണ് പതിച്ചിരിക്കുന്നത്.
വെൺമണി പഞ്ചായത്തിൽ 1.70 കിലോമീറ്റർ ഭാഗമാണ് സിൽവർ ലൈൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. 2.06 ഹെക്ടർ ഇതിനായി ഏറ്റെടുക്കേണ്ടി വരും. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതോടെ മുളക്കുഴ, വെൺമണി പഞ്ചായത്തുകളിലായി 67 വീടുകൾ പൂർണമായും 43 വീടുകൾ ഭാഗികമായും നഷ്ടമാകുംമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം സിപിഎം പ്രാദേശികമായി തന്നെ കെ റെയിൽ വിരുദ്ധ സമരത്തെ ബോധവൽക്കരണത്തിലൂടെ നേരിടുമ്പോൾ തന്നെ പാർട്ടി ലോക്കൽ കമ്മിറ്റി അംഗം പദ്ധതിയെ എതിർത്തത് വിവാദമായിരുന്നു. വെൺമണി വഴി പാത കടന്നുപോകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നാണ് നേതാവ് പറഞ്ഞത്. എന്നാൽ ഇയാൾക്കെതിരെ നടപടി വേണ്ടെന്നാണ് പാർട്ടി തീരുമാനം.
ഭൂമിയും വീടും പോകുമെന്നതിനാൽ നാട്ടുകർ കെ റെയിലിനെതിരെ പ്രതിഷേധിക്കുകയാണ്. കിടപ്പാടം വിട്ടിറങ്ങില്ലെന്ന നിലപാടിലാണ് ഇവർ. നാട്ടുകാരെ ബോധവൽക്കരിക്കുന്നതിനായുള്ള ശ്രമങ്ങൾ പാർട്ടി തലങ്ങളിൽ നിന്ന് നടക്കുന്നുണ്ടെങ്കിലും പ്രതിഷേധക്കാരിൽ കാര്യമായ മാറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല
