പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിന് പ്രതിയാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവില്‍ നിന്നും നോട്ടുമാല സ്വീകരിച്ച മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രതിഷേധം.
തൃശൂര്‍: പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിന് പ്രതിയാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവില്‍ നിന്നും നോട്ടുമാല സ്വീകരിച്ച മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രതിഷേധം. വ്യാഴാഴ്ച തൃപയാറില്‍ നടന്ന സമ്മേളനത്തിലാണ് കോൺഗ്രസ് നേതാവും തളിക്കുളം ബ്ളോക്ക് പഞ്ചായത്തംഗവുമായ കെ ജെ യദുകൃഷ്ണന്‍ മുല്ലപ്പള്ളിയെ നോട്ടുമാല അണിയിച്ചത്. ഈ സംഭവത്തോട് കൂടി ഒരു വിഭാഗം പ്രവര്‍ത്തകര്‍ പരിപാടി ഉപേക്ഷിക്കുകയായിരുന്നു.
യദുകൃഷ്ണനെതിരെ കെ എസ് യുവിന്‍റെ സജീവ പ്രവർത്തകയായ പെൺകുട്ടി കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ആദ്യം പരാതി നൽകിയത് .എന്നാൽ പരാതിയിൽ ഒരു നടപടിയുമുണ്ടായില്ല. ഇതിന് പിന്നാലെ രാഹുൽ ഗാന്ധിക്കും പരാതി അയച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വലപ്പാട് പൊലീസ് കേസെടുക്കുകയും ഇയാള്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ജാമ്യം നേടിയ യദുകൃഷ്ണന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചു. അടുത്ത ദിവസം കോടതി കേസ് പരിഗണിക്കും.ഇതിനിടെ മുല്ലപ്പള്ളി നോട്ട് മാല സ്വീകരിച്ചതിനെതിരെയും പൊലീസിന് പരാതി ലഭിച്ചു. റിസർവ് ബാങ്കിന്‍റെ ഉത്തരവനുസരിച്ച് നോട്ടുമാല അണിയിക്കുന്നതും നോട്ടിൽ എഴുതുന്നതും ചുക്കിച്ചുളിക്കുന്നതുമെല്ലാം ക്രിമിനൽ കുറ്റമാണ്.
ജനപ്രതിനിധിയും ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാവുമായ മുല്ലപ്പള്ളി നിയമവിരുദ്ധ പ്രവർത്തനത്തിന് കൂട്ടു നിന്നുവെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ സുജോബി ജോസ് ആണ് കമ്മീഷണർക്ക് പരാതി നൽകിയത്.
